
മലപ്പുറം: നവ കേരള സദസിനെിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന രീതിക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിന്‍റെ ആത്മഹത്യാ മോഡൽ സമരം ജനാധിപത്യ രീതിയല്ലെന്ന് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരിൽ നിഷ്കളങ്കരെ ചാവേർ ആക്കുകയാണ്. ചിലയിടത്ത് സമരം ചിലയിടത്ത് സമരം ഇല്ല എന്നാ നിലിയിലാണ് കാര്യങ്ങൾ.
ഓരോരുത്തരുടെ മനോനില അനുസരിച്ചാണ് സമരം നടത്തുന്നത്. യുഡിഎഫിലെ മറ്റു കക്ഷികൾക്ക് കോൺഗ്രസിന്റെ ഈ നിലപാടിനോട് യോജിപ്പില്ല. കോൺഗ്രസിലെ എല്ലാവരും ചാവേർ സമരത്തെ അനുകൂലിക്കുന്നുണ്ടോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു. നവ കേരള സദസില്‍ മലപ്പുറത്ത് ഉണ്ടാവുക അഭൂതപൂർവമായ തിരക്കായിരിക്കുമെന്ന് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസും വിഷയത്തില്‍ ഒരു പടി കൂടെ കടന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നു.
പല യുഡിഎഫ് ജനപ്രതിനിധികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്. പലരും രഹസ്യമായി നിവേദനങ്ങൾ നൽകി. കോൺഗ്രസ് ബഹിഷ്കരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും റിയാസ് പറഞ്ഞു. അതേസമയം, നവ കേരള സദസിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയിൽ ഇങ്ങനെ നേതാക്കൾ പങ്കെടുക്കുന്നത്.
തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവ കേരള സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി വരുന്നത് ഇപ്പോൾ പാർട്ടി കാര്യമായിരിക്കാം. എന്നാൽ അവർ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവരാണ്. ഇന്ന് ഒരു തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിനോടൊന്നും പകപോക്കൽ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam