
തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരില്‍ വയോധികയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടൽ. ജില്ലാ ട്രൈബൽ ഓഫീസറോട് സ്ഥലത്തെത്താൻ തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നിര്‍ദേശിച്ചു. വയോധികയ്ക്ക് ചികിത്സ ഉറപ്പാക്കാനാണ് ട്രൈബൽ ഓഫീസറെ ചുമതലപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അവശ നിലയിലായത്. പ്രധാന പാതയിൽ നിന്നും 4 കിലോമീറ്റർ അകലെ ഉൾവനത്തിലാണ് വീരൻകുടി സ്ഥിതി ചെയ്യുന്നത്. കാൽനടയായി മാത്രമേ ഇവർക്ക് റോഡിലേക്ക് എത്താൻ കഴിയൂ എന്നതിനാൽ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
ഏഴു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ കമലമ്മ പാട്ടിയെ തണ്ടിൽ ചുമന്ന് എത്തിക്കാൻ ആളുകളില്ല. അവശ നിലയിലായ വയോധികയുടെ മുറിവിൽ ഇതിനിടെ പുഴുവരിക്കുകയായിരുന്നു. അടിയന്തര ഇടപെടൽ വേണമെന്ന് വാർഡ് മെമ്പർ നിങ്കലപ്പനും ഊരുമൂപ്പനും ആവശ്യപ്പെട്ടിരുന്നു. ഊരിലെത്തി ചികിത്സ നൽകണമെന്ന് ട്രൈബൽ ഡിപ്പാർട്ട്മെന്റിനോടും ആരോഗ്യ വകുപ്പിനോടും നേരത്തെ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതി ഉയര്‍ന്നു.
കളക്ടര്‍ ഇടപെട്ടതോടെ കമലമ്മ പാട്ടിയുടെ ചികിത്സക്കായി മെഡിക്കൽ സംഘം പുറപ്പെട്ടു. അതിരപ്പിള്ളി വെറ്റിലപ്പാറയിൽ നിന്നുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് ആണ് പുറപ്പെട്ടത്. അതിരപ്പള്ളി മലക്കപ്പാറ പാത അടച്ചത് കൊണ്ട് തൃശൂർ - പൊള്ളാച്ചി വഴി വേണം സംഘത്തിന് മലക്കപ്പാറയിൽ എത്താൻ. ജില്ലാ ട്രൈബൽ ഓഫീസർ ഹെറാൾഡ് ജോണിന്റെ നേതൃത്വത്തിൽ ദൗത്യം ഏകോപിപ്പിക്കുന്നു. മെഡിക്കൽ സംഘം മലക്കപ്പാറയിൽ എത്തിയ ശേഷം ആയിരിക്കും കമലമ്മ പാട്ടിയെ പുറത്തെത്തിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam