
കണ്ണൂർ: ഇടതുപക്ഷ മന്ത്രിമാർ ഒരു ധൂർത്തിനും വിധേയരാകുന്നവരല്ലെന്നും ആവശ്യാനുസരണം വിദേശയാത്ര നടത്തുന്നതിൽ തെറ്റില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എല്ലാ കാലത്തും എല്ലാവരും വിദേശ യാത്ര നടത്താറുണ്ട്. ഏറ്റവുമധികം വിദേശയാത്ര നടത്തേണ്ടി വരുന്നത് ടൂറിസം വകുപ്പിനാണ്. എന്നാൽ ഇത്തവണ ടൂറിസം മന്ത്രി നടത്തിയ വിദേശയാത്രകൾ കുറഞ്ഞു പോയെന്നാണ് പൊതുവേയുള്ള നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു. 15 മാസത്തിനിടെ താൻ ആകെ പോയത് യുഎഇയിൽ മാത്രമാണ്. ആഭ്യന്തര സഞ്ചാരികൾ കൂടുകയാണ്. അങ്ങനെയുള്ള ഘട്ടത്തിലാണ് ഫ്രാൻസിൽ പോകേണ്ടി വരുന്നത്. കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്നതിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസെന്നും റിയാസ് പറഞ്ഞു. ഈ യാത്ര ആവശ്യമാണോ അല്ലയോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവൻകുട്ടിയും ഉൾപ്പെടെയുള്ള സംഘം യൂറോപ്പ് സന്ദർശത്തിന് ഒരുങ്ങുന്നതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് റിയാസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. നേരത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലും സന്ദർശനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഒക്ടോബർ ആദ്യത്തെ ആഴ്ചയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിദോശത്തേക്ക് തിരിക്കുക. സന്ദർശനം രണ്ടാഴ്ച നീണ്ടേക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ് സന്ദർശിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam