ധനസഹായത്തിനുള്ള അപേക്ഷയുടെ പേരിലും വ്യാജപ്രചാരണം; വഞ്ചിതരാകരുതെന്ന് ഭക്ഷ്യ മന്ത്രി

By Web TeamFirst Published Aug 16, 2019, 10:38 PM IST
Highlights

പ്രളയബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും പൂരിപ്പിച്ച അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുമെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധം

തിരുവനന്തപുരം: കേരളത്തിന്‍റെ സമസ്ത മേഖലയിലും വലിയ നാശം സംഭവിപ്പിച്ചാണ് തുടര്‍ച്ചയായ രണ്ടാം പ്രളയ കാലം കടന്നുപോകുന്നത്. പേമാരി ഇനിയും തോരാത്ത ഇടങ്ങളില്‍ പ്രാര്‍ത്ഥനയുമായി ജനങ്ങള്‍ കഴിയുമ്പോള്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കേള്‍ക്കുന്നത് എല്ലാം നഷ്ടമായവരുടെ നിലവിളികളാണ്. കേരളത്തിന്‍റെ അതിജീവനത്തിനായി കഴിയുന്നത്ര സഹായവുമായി ഏവരും രംഗത്തുണ്ട്. എന്നാല്‍ ചിലരുടെ വ്യാജപ്രചരണങ്ങളും സഹായങ്ങളെ പിന്നോട്ടടിക്കുന്നുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍.

പ്രളയബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുമെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം രംഗത്തെത്തിയത്. വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിതാരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ ഓര്‍മ്മിപ്പിച്ചു.

ഭക്ഷ്യ മന്ത്രിയുടെ കുറിപ്പ്

പ്രളയബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും പൂരിപ്പിച്ച അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുമെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ചുകൊള്ളുന്നു.

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന രീതിയിലുള്ള അപേക്ഷ ഫോറം അക്ഷയ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുകയോ പൂരിപ്പിച്ചവ സ്വീകരിക്കുകയോ ചെയ്യുന്നില്ല. വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിതാരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക.

 

click me!