
തൃശൂർ: ഡിവൈഎഫ്ഐയിൽ വനിതാ അധ്യക്ഷ വരുന്നത് വളരെ നല്ല കാര്യമാണെന്ന് മന്ത്രി ഓ ജെ ജനീഷ്. യുവജനപ്രസ്ഥാനങ്ങളുടെ അമരത്തേക്ക് വനിതകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നാളെകളിൽ യൂത്ത് കോൺഗ്രസിലും അവസരമുണ്ടെങ്കിൽ വനിതകൾ കടന്നുവരണമെന്നും മന്ത്രി ഓ ജെ ജനീഷ് പറഞ്ഞു. പക്ഷേ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നും ജെനീഷ് പറഞ്ഞു. ഡിവൈഎഫ്ഐ വനിതാ അധ്യക്ഷ സ്ഥാനത്തേക്ക് ചിന്ത ജെറോം തെരഞ്ഞെടുക്കപ്പെട്ട വിഷയത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആദ്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻ്റായി വനിത എത്തുന്നത്. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു, എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ. ജോയിൻ്റ് സെക്രട്ടറിമാരായി ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരെ തെരഞ്ഞെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam