
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ.ആര്‍ കേളു സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റു. വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള നടപടികൾ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കും. വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്. പ്രശ്നപരിഹാരങ്ങൾക്ക് വയനാട്ടിലെ എം.എൽ.എമാരും എം.പിയുമായി കൂടിയാലോചിക്കും. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. എല്ലാവരും ഒരുമിച്ചുചേർന്നുകൊണ്ട് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തല വകുപ്പ് സമിതി വിളിച്ച് ചേർത്ത് പട്ടികജാതി-വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും 'കോളനി' പദം മാറ്റുന്നതിനെ പറ്റി അതിന്റെ നിയമവശങ്ങൾ പഠിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്തു ഉയർന്ന് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.
ഇന്ന് വൈകിട്ടാണ് രാജ്ഭവനിൽ നാല് മണിക്ക് മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആലത്തൂര്‍ എംപിയായി ലോക്സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആര്‍ കേളുവിനെ മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം.
Read More : ഒ ആര്‍ കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ ഗവർണറും മുഖ്യമന്ത്രിയും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam