ഏഴ് മാസത്തിനിടെ 40000 പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തി; വളർച്ചാ സൂചനയെന്ന് മന്ത്രി രാജീവ്

Published : Oct 11, 2025, 02:19 PM IST
P Rajeev

Synopsis

കേരളത്തിലേക്ക് പ്രൊഫഷണലുകൾ മടങ്ങുന്നത് സാമ്പത്തിക വളർച്ചയുടെ സൂചനയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് സൈബർ സുരക്ഷാ ഉച്ചകോടിയിൽ പറഞ്ഞു. ഏഴ് മാസത്തിനിടെ 40000 പ്രൊഫഷണലുകൾ മടങ്ങിയെത്തിയത് സംസ്ഥാനത്തിന് വലിയ കരുത്താകുമെന്ന് മന്ത്രി വിലയിരുത്തി

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) സഹകരണത്തോടെ സംഘടിപ്പിച്ച കേരള സൈബർ സുരക്ഷാ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-ന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പ്രൊഫഷണൽ രംഗത്തെ പ്രമുഖ മാധ്യമമായ ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും മന്ത്രി പറഞ്ഞു.

എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സൈബർ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായിരുന്നു ഉച്ചകോടിയിൽ പ്രധാന ഊന്നൽ. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSMEs) സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ആസ്ഥാനമായുള്ള എഫ്9 ഇൻഫോടെക് പ്രഖ്യാപിച്ച സൗജന്യ സേവനം മന്ത്രി പ്രശംസിച്ചു. രജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 30 ദിവസത്തേക്ക് 24/7 സൈബർ സുരക്ഷാ നിരീക്ഷണവും അലേർട്ടിംഗും പൂർണ്ണമായും സൗജന്യമായി നൽകും. ചെലവ് കാരണം സൈബർ സുരക്ഷാ സേവനങ്ങൾ ലഭിക്കാതെ പോകുന്ന സ്ഥാപനങ്ങൾക്ക്, തങ്ങളുടെ സൈബർ ദുർബലതകളും പ്രതിരോധ സംവിധാനങ്ങളും വിലയിരുത്താൻ ഇതുവഴി സാധിക്കും. സൗജന്യ സേവനത്തിന് പുറമെ, സമഗ്രമായ സുരക്ഷാ ആർക്കിടെക്ചർ അവലോകനവും ലഭിക്കുമെന്നത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ കരുത്താകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത പാനൽ ചർച്ചകളും ഉച്ചകോടിയിൽ നടന്നു. ബിബു പുന്നൂരാൻ (മെഡിവിഷൻ ഗ്രൂപ്പ് സഹസ്ഥാപകൻ), വിനോദിനി സുകുമാരൻ (കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്), നിത്യാനന്ദ് കാമത്ത് (മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്), വിവേക് ഗോവിന്ദ് (ടിഐഇ കേരള പ്രസിഡന്റ്) എന്നിവർ പങ്കെടുത്ത ചർച്ചക്ക് മുതിർന്ന മാധ്യമപ്രവർത്തകൻ ജോ സ്കറിയ മോഡറേറ്ററായിരുന്നു. എ. ബാലകൃഷ്ണൻ (ജിയോജിത് ഫിനാൻഷ്യൽ സർവീസസ്), സംഗീത് കെ.എം. (മെയ്ൻ കാൻകോർ എവിപി), അനിൽ മേനോൻ (ലുലു ഗ്രൂപ്പ് ഇന്ത്യ സിഐഒ), റോബിൻ ജോയ് (എംസൈൻ ടെക്നോളജീസ് ഡയറക്ടർ), വി.വി. ജേക്കബ് (മലയാള മനോരമ) എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് എസ്എഫ്ഒ ടെക്നോളജീസ് പ്രിൻസ് ജോസഫ് മോഡറേറ്ററായി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'