ഷാഫിയുടെ മൂക്കിൽ രണ്ടിടത്ത് പൊട്ടൽ, ഐസിയുവിൽ നിരീക്ഷണത്തിൽ; കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം

Published : Oct 11, 2025, 01:37 PM ISTUpdated : Oct 11, 2025, 02:06 PM IST
 Shafi Parambil police attack

Synopsis

ഷാഫിയുടെ മൂക്കിന്‍റെ ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായാണ് സിടി സ്കാൻ റിപ്പോർട്ട്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടായെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായാണ് സിടി സ്കാൻ റിപ്പോർട്ട്. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. പലയിടത്തും പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് ഇളക്കി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കാഞ്ഞങ്ങാട് റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. അരമണിക്കൂർ നേരം കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ടയർ കത്തിക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കളും പൊലീസും ഇടപെട്ട് തടഞ്ഞു. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

കൊല്ലം ചടയമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയം ചങ്ങനാശേരിയിൽ എം സി റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

ഷാഫിയെ മർദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു

അതിനിടെ പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം നിൽക്കെ സംഘർഷ സ്ഥലത്ത് വച്ച് ഷാഫി പറമ്പിലിനെ പൊലീസ് ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ, പ്രകോപനം ഉണ്ടായിട്ടും പൊലീസ് മർദിച്ചില്ലെന്നും മറിച്ചുള്ള പ്രചാരണമെല്ലാം ഷാഫിയുടെ ഷോ എന്നും സിപിഎം പ്രതികരിച്ചു. 

പേരാമ്പ്ര സികെജി ഗവൺമെന്‍റ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷവും ഇതിനിടെ ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റതും സംസ്ഥാന സർക്കാറിനും സിപിഎമ്മിനും എതിരെ പ്രതിപക്ഷത്തിന്റെ പുതിയ പടയൊരുക്കത്തിന് വഴിമരുന്ന് ഇടുന്നതാണ് ഇന്നലെ രാത്രി മുതലുള്ള കാഴ്ച. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി പോരടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ പേരാമ്പ്ര ടൗണിൽ മുഖാമുഖം നിൽക്കെ സംഭവ സ്ഥലത്ത് എത്തിയ ഷാഫി പറമ്പിൽ എംപിയും ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാറും പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയായിരുന്നു പൊലീസിന്റെ ലാത്തിയടി ഉണ്ടായതും ഷാഫിക്ക് പരിക്കേറ്റതും. എന്നാൽ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും നിയമവിരുദ്ധമായി സംഘം ചേർന്നവരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ ഉണ്ടായ സമ്മർദ്ദത്തിൽ എംപിക്ക് പരിക്കേറ്റത് ആകാമെന്നും ഉള്ള പൊലീസ് വാദം പൊളിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് രാവിലെ പുറത്തുവന്നത്.

ഇതോടെ കോഴിക്കോട് ഐജി ഓഫീസിനു മുന്നിലും സംസ്ഥാനത്തെ മറ്റ് വിവിധ ഇടങ്ങളിലും കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം വീണ്ടും അരങ്ങേറി. അതിനിടെ പേരാമ്പ്ര സംഘർഷത്തിന്റെ പേരിൽ ഷാഫി പറമ്പിൽ ഉൾപ്പെടെ 600 ഓളം പേർക്ക് എതിരെ കോഴിക്കോട് റൂറൽ പോലീസ് നിയമവിരുദ്ധമായി സംഘം ചേർന്ന് സംഘർഷം ഉണ്ടാക്കിയതിനും പൊലീസിനെ ആക്രമിച്ചതിനും കേസ് എടുത്തു. ശബരിമല സ്വർണ്ണപ്പാളി വിഷയം ഉൾപ്പെടെ വഴിതിരിച്ചു വിടാനാണ് കരുതിക്കൂട്ടി എംപിയെ ആക്രമിച്ചത് എന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

എന്നാൽ ഹർത്താലിന്റെ പേരിൽ പഞ്ചായത്ത് ഓഫീസിൽ കയറി പഞ്ചായത്ത് പ്രസിഡന്‍റിനെ മർദിച്ചിട്ടും പേരാമ്പ്രയിലെ സിപിഎം പ്രവർത്തകർ സംയമനം പാലിക്കുകയാണ് ചെയ്തത് എന്നും ബോധപൂർവം സംഘർഷം സൃഷ്ടിച്ച ശ്രദ്ധ നേടാനാണ് ഷാഫി ശ്രമിച്ചത് എന്നും സിപിഎം ആരോപിച്ചു. അതിനിടെ സംഘർഷത്തിൽ മൂക്കിന്‍റെ പാലം തകർന്ന ഷാഫി പറമ്പിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം: സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖർ; ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്