റോഡുകൾ മറ്റാവശ്യങ്ങൾക്ക് വേണ്ടി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കും; പൊതുമരാമത്ത് മന്ത്രി

By Web TeamFirst Published Jun 23, 2021, 1:39 PM IST
Highlights

ഒരു വ്യക്തി പരാതി നൽകിയാലും പൊതു വിഷയങ്ങളാണെങ്കിൽ ശക്തമായ ഇടപെടൽ ഉണ്ടാകും. റോഡുകൾ മറ്റാവശ്യങ്ങൾക്ക് വേണ്ടി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കും

കണ്ണൂർ: ജനങ്ങളും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പിഡബ്ല്യുഡിയുടെ സ്ഥലത്തുള്ള കയ്യേറ്റങ്ങൾ തടയും. മുഴുവൻ കയ്യേറ്റങ്ങളുടെയും റിപ്പോർട്ട് തേടിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. 

കൺട്രോൾ റൂമിനെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനം നിലവിൽ വന്നു. ഒരു വ്യക്തി പരാതി നൽകിയാലും പൊതു വിഷയങ്ങളാണെങ്കിൽ ശക്തമായ ഇടപെടൽ ഉണ്ടാകും. റോഡുകൾ മറ്റാവശ്യങ്ങൾക്ക് വേണ്ടി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കും. സൈറ്റ് ഇൻസ്പെക്ഷൻ ശക്തിപ്പെടുത്തും. ഇത് പ്രവൃത്തിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായകമാകും.

ഉദ്യോഗസ്ഥരിൽ അപൂർവ്വം ചിലർ സർക്കാരിൻ്റെ പ്രവർത്തനങ്ങളുമായി യോജിച്ച് നീങ്ങുന്നില്ല. അവർക്ക് മുന്നറിയിപ്പും നൽകി. കരാറുകാരുടെ ഭാഗത്തു നിന്നും ചില വീഴ്ചകൾ ഉണ്ട്. വർക്കുകളിൽ അനാസ്ഥ കാട്ടുന്നവരെ പൂർണ്ണമായും ഒഴിവാക്കും.  ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഓരോ പഞ്ചായത്തുകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തും.

കണ്ണൂരിലെ ഗതാഗതക്കുരുക്ക് വലീയ പ്രശ്നമാണ്. ഇത്രയും ഗതാഗതകുരുക്ക് ഒരു ജില്ലാ ആസ്ഥാനത്തും ഇപ്പോഴില്ല. കുരുക്കഴിക്കാൻ വിഭാവനം ചെയ്ത പദ്ധതികൾ എല്ലാം വേഗത്തിലാക്കും.  മലബാറിൻ്റെ അനന്തമായ ടൂറിസ്റ്റ് സാധ്യതകളെ ഉപയോഗപ്പെടുത്തും. മലബാർ കേന്ദ്രീകരിച്ച് പ്രത്യേക ശ്രദ്ധ ഉണ്ടാകും. മെഗാ ഇവൻ്റ് അടക്കം ഇതിനായി നടത്തുമെന്നും മന്ത്രി പറഞ്ഞു. 
 

click me!