
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാനുള്ള അവസരം നിഷേധിച്ച കോർപ്പറേഷൻ നടപടി പുനപരിശോധിക്കണമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്. പുഷ്പവതിയെ പാടാൻ അനുവദിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇന്നലെയാണ് കോർപ്പറേഷൻ അനുമതി നിഷേധിച്ചത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തർക്കങ്ങൾ മൂലമല്ലെന്നും ചലച്ചിത്ര അക്കാദമിയിൽ തർക്കങ്ങൾ ഇല്ലെന്നും പി സി വിഷ്ണുനാഥ് പ്രതികരിച്ചു.
ഒത്തൊരുമയോടെയാണ് അക്കാദമിയുടെ പ്രവർത്തനം. അക്കാദമിയിലെ ആഭ്യന്തര ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥരെ മാറ്റിയത്. ഒരു ഡെപ്യൂട്ടി ഡയറക്ടർക്ക് രണ്ട് ചുമതല ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ചുമതല ഒരിടത്ത് മാത്രം നൽകി എന്ന് മാത്രം. അക്കാദമിയുടെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. സ്ഥലം മാറ്റിയ തീരുമാനം അക്കാദമിയുടെ ആഭ്യന്തര കാര്യമാണെന്നും സ്ഥലംമാറ്റം അക്കാദമിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്തെ മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടി കോർപ്പറേഷൻ വിലക്കിയെന്നാണ് ആക്ഷേപം ഉയരുന്നത്. മാനവീയം രജതജൂബിലി ആഘോഷ സമിതി ഇന്ന് നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ ഗാനമേളയ്ക്കാണ് അനുമതി നിഷേധിച്ചത്. കാരണം പറയാതെ മേയർ അനുമതി അപേക്ഷ തളളിയെന്ന് സംഘാടകർ ആരോപിച്ചു. എന്നാൽ രജത ജൂബിലി ആഘോഷ സമിതിയിൽ കോർപ്പറേഷന്റെ പങ്കാളിത്തമില്ലെന്നും ഏതെങ്കിലും നാലു പേർ ചേർന്ന് സമിതിയുണ്ടാക്കിയാൽ പരിപാടിക്ക് അനുമതി നൽകില്ലെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയിൽ പ്രതിഷേധിച്ചവർക്കതിരെ കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. പിന്നാലെയാണ് സംഗീത പരിപാടി വിലക്കിയതും.
രജത ജൂബിലി ആഘോഷിക്കാൻ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടില്ല. കോർപറേഷൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി അല്ല. ഏതെങ്കിലും നാല് പേർ വന്ന് പരിപാടി നടത്തുമെന്ന് പറഞ്ഞാൽ ശരിയാവില്ല. മാനവീയത്തിൽ സാംസ്കാരിക പരിപാടികൾ കൂടുതൽ നടത്തും. പക്ഷെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. നല്ല ഉദ്ദേശത്തോടെ വേണം പരിപാടികൾ. അനുമതി ഇല്ലാതെ സംഘടിപ്പിച്ചാൽ ബാക്കി പൊലീസ് നോക്കിക്കോളുമെന്നും വി വി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam