കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: ഉന്നത സമിതി രൂപീകരിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി

By Web TeamFirst Published Dec 24, 2022, 10:48 AM IST
Highlights

ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ  ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇക്കാര്യം പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി അറിയിച്ചു. നാളെ മുതൽ ജനുവരി എട്ടുവരെ അടച്ചിടാനാണ് കളക്ടറുടെ ഉത്തരവ്

കോട്ടയം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമെന്ന് മന്ത്രി ആർ ബിന്ദു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ ജനുവരിയോടെ പരിഹരിക്കപ്പെടും. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നത തല സമിതി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട്‌ നൽകും. വിശ്വോത്തര ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് സ്ഥാപന ചെയർമാൻ. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ആദ്യം നിയോഗിച്ച കമ്മീഷന് മുന്നിൽ ഡയറക്ടർ ശങ്കർ മോഹൻ തെളിവെടുപ്പിന് ഹാജറായില്ല. അതിനാൽ പൂർണമായ റിപ്പോർട്ട്‌ ലഭിച്ചില്ല. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് പുതിയ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

അതേസമയം ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ  ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇക്കാര്യം പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി അറിയിച്ചു. നാളെ മുതൽ ജനുവരി എട്ടുവരെ അടച്ചിടാനാണ് കളക്ടറുടെ ഉത്തരവ്. വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്നും കലക്ടർ നിർദ്ദേശിച്ചു. ക്രിസ്മസ് ദിനം മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിരിക്കേയാണ് കലക്ടറുടെ നടപടി.  വിദ്യാർഥികളുടെ നിരാഹാരസമരത്തിൽ അനിഷ്ട്ട സംഭവങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. അതേസമയം ക്യാംപസിലെ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ , മുൻ നിയമസഭ സെക്രട്ടറി എൻ.കെ.ജയകുമാർ എന്നിവരടങ്ങുന്ന പുതിയ കമ്മിഷനെയും സർക്കാർ നിയമിച്ചു.

വിദ്യാര്‍ഥികള്‍ മാത്രമല്ല. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടർക്കെതിരെ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി.  വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്‍റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്‍ന്നിട്ടും  ഉന്നത വിദ്യാഭ്യാസ വകുപ്പിനു മാത്രം ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ല.

വിദ്യാര്‍ഥികളുടെ പരാതി അന്വേഷിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി രണ്ടാഴ്ച മുമ്പ് സമിതിയെ വച്ചെങ്കിലും ഇവരുടെ അന്വേഷണം തുടങ്ങിയത് രണ്ടു ദിവസം മുമ്പ് മാത്രം. ആഷിക് അബു ഉള്‍പ്പെടെ സിപിഎം സഹയാത്രികരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ വരെ ചലച്ചിത്രോല്‍സവ വേദിയില്‍ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ ഇതും കണ്ടമട്ടില്ല.

സ്ഥാപനത്തിന്‍റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍റെ വിശ്വസ്തനാണ് ആരോപണവിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. സര്‍ക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. വിധേയന്‍ എന്ന അടൂര്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ പോലും  പ്രതിഷേധത്തിന് വിദ്യാര്‍ഥികള്‍ ആയുധമാക്കുന്നു.
 

click me!