
തൃശൂർ : തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. ഇന്നലെ മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. മെഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും വിശദീകരിച്ചു.
ഇന്നലെ രാവിലെയാണ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ എഴുപത് വയസുകാരി മരിച്ചത്. മെച്ചപ്പെട്ട ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണ സമിതി നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സർക്കാർ സർവ്വീസിൽ നിന്നും വിമരിച്ചപ്പോൾ ലബിച്ച പണവം ഭർത്താവ് ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണവുമടക്കം 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചു. പണം ചോദിക്കുമ്പോൾ ബാങ്കിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ദേവസ്യ വിശദീകരിച്ചത്. കിട്ടുമ്പോൾ തരാം എന്നായിരുന്നു ബാങ്ക് ജീവനക്കാർ പറഞ്ഞതെന്നാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു
മൃതദേഹവുമായി പ്രതിക്ഷ പാർട്ടികൾ ഇന്നലെ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ 2 ലക്ഷം രൂപാ ബാങ്ക് വീട്ടിലെത്തിച്ചു നൽകി. ബാക്കി നിക്ഷേപത്തിൻ്റെ കാര്യം സർക്കാർ ശ്രദ്ധയിൽപെടുത്താമെന്നും ആർഡിഒ ഇന്നലെ പ്രതിഷേധിച്ച ബന്ധുക്കൾക്കും പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കും ഉറപ്പ് നൽകിയിരുന്നു. നാല് ലക്ഷത്തി അറുപതിനായിരം രൂപ ഇവർക്ക് പലതവണ ആയി നൽകിയെന്നാണ് സിപിഎം വിശദീകരണം. എന്നാൽ പണം ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നിക്ഷേപകർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam