'കേരള' കലഹം തീർക്കാൻ സർക്കാർ ഇടപെടൽ; വിസി വന്നത് താൻ വിളിച്ചിട്ടെന്ന് മന്ത്രി ബിന്ദു; 'വേണമെങ്കിൽ ഗവർണറുമായും സംസാരിക്കും'

Published : Jul 18, 2025, 03:57 PM ISTUpdated : Jul 18, 2025, 04:03 PM IST
R Bindu

Synopsis

കേരള സർവകലാശാലയിലെ വിസി - റജിസ്ട്രാർ പോര് അവസാനിപ്പിക്കാൻ ഇടപെടുന്നതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി 

തിരുവനന്തപുരം: കേരള സ‍ർവകലാശാലയിലെ വിസി -റജിസ്ട്രാർ പോര് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നു. പ്രശ്ന പരിഹാരം ലക്ഷ്യമിട്ട് നിലപാട് മയപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് രംഗത്ത് വന്നു. വിസി മോഹനൻ കുന്നുമ്മലുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സർവകലാശാലയിലേക്ക് തിരികെ വന്നത് ഈ ചർച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'കേരള സർവകലാശാലയിലേക്ക് വിസി തിരികെ എത്തിയത് താൻ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടക്കുന്നുണ്ട്. വിസിയുമായും സിൻഡിക്കേറ്റുമായും സംസാരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഗവർണറുമായും സംസാരിക്കും. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. ആദ്യം ഞാൻ ശ്രമിച്ചു നോക്കട്ടെ. റജിസ്ട്രാർ ആരെന്നു നിയമം നോക്കിയാൽ അറിയാം' - എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

ഇരുപത് ദിവസത്തിനു ശേഷമാണ് വിസി മോഹനൻ കുന്നുമ്മൽ ഇന്ന് ഓഫീസിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ, സർവകലാശാലാ വളപ്പിലെ മുന്നൂറോളം പോലീസുകാരുടെ സുരക്ഷാവലയത്തിലായിരുന്നു അദ്ദേഹം വന്നത്. പ്രധാന ശത്രുവായ വിസിയെ സർവകലാശാലയുടെ പടി ചവിട്ടാൻ എസ്എഫ്ഐ അനുവദിക്കില്ലെന്നു കരുതിയായിരുന്നു പൊലീസ് കാവൽ. എന്നാൽ പ്രതിഷേധം ഉണ്ടായില്ല.

കെട്ടിക്കിടന്ന ഫയലുകളിൽ വിസി ഒപ്പിട്ടു. ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.

വിസി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ കെ എസ് അനിൽ കുമാറും സർവകലാശാലയിൽ എത്തി. വിസി വിലക്കിയ ഓഫീസിൽ കയറിയ അനിൽ കുമാർ അര മണിക്കൂറിനു ശേഷം മടങ്ങി.

വി സി യും റജിസ്ട്രാറും തമ്മിലാണ് അധികാര തർക്കം ഉയർന്നത്. റജിസ്ട്രാർക്കൊപ്പം സിൻഡിക്കേറ്റ് നിന്നതോടെ ശക്തമായ അധികാര തർക്കം സർവകലാശാല ഭരണം കുത്തഴിയാൻ ഇടയാക്കിയിരുന്നു. അക്രമ സാധ്യതയുള്ളതിനാൽ സർവകലാശാലയിലേക്ക് വരുന്നില്ലെന്ന് നിലപാടെടുത്താണ് വിസി മാറിനിന്നത്. ഓഫീസിലെത്തുമ്പോൾ തടഞ്ഞാൽ അത് വിസിക്ക് ആയുധമാകുമെന്ന് കണ്ടാണ് എസ്എഫ്ഐ പിന്തിരിഞ്ഞതെന്നാണ് സൂചന. പ്രതിസന്ധി തുടരുന്നത് സർക്കാരിന് ഗുണം ചെയ്യില്ലെന്നും പ്രതിഷേധങ്ങൾക്ക് ഇടവേള നൽകണം എന്നും സിപിഎം നിർദേശം നൽകിയിരുന്നു.

സർവകലാശാലയിലെ സുരക്ഷാ വിഷയം ഹൈക്കോടതിക്ക് മുന്നിലുള്ളതും കാരണമായി. ഓഫീസിൽ വിസി എത്തിയെങ്കിലും ഭാരതാംബ വിവാദത്തിന് പിന്നാലെയെടുത്ത തീരുമാനങ്ങളിൽ ആരുടേതിന് സാധുത എന്ന തർക്കം ബാക്കിയാണ്. റജിസ്ട്രാറുടെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ സമവായം ഇല്ലാതെ വിസിയും സിൻഡിക്കേറ്റും ഒത്തുപോകാൻ ഇടയില്ല. അനിൽ കുമാറിനെ ഒഴിവാക്കിയുള്ള വിസിയുടെ തീരുമാനങ്ങൾ പോര് കൂടുതൽ കടുക്കാൻ ഇടയാക്കിയേക്കും.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം