
തിരുവനന്തപുരം: കീം 2025 റാങ്ക് ലിസ്റ്റിൽ കോടതി നിർദ്ദേശം അംഗീകരിച്ച് പഴയ ഫോർമുലയിലേക്ക് മാറുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. പഴയ ഫോർമുല അനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക ഇന്ന് തന്നെ ഇറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. സർക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേൽക്കോടതികളിൽ പോയാൽ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീൽ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് ഇത്തവണത്തെ എഞ്ചിനീയറിംഗ് പ്രവേശനം പഴയ ഫോർമുലയിൽ തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. പഴയ ഫോർമുല അനുസരിച്ച് പട്ടിക പുതുക്കുമ്പോള്‍ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പേർ പുറത്തുപോകും.
സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ , ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ് കീം. മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ പോകുന്നത് മറികടക്കാൻ കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam