നിയമസഭ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ മാറ്റം വരുത്തി. ഗവർണർ വായിക്കാതെ വിട്ട കേന്ദ്ര വിമർശനത്തിൻ്റെ ഭാഗം മുഖ്യമന്ത്രി വായിച്ചു,

തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്ത ഭാഗങ്ങൾ കൂട്ടി ചേ‍‍ർത്ത് മുഖ്യമന്ത്രി. നയപ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാ​ഗം മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു. ​ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതോടെ എതിർപ്പുമായി പിണറായി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ​ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. ഗവർണ‍ർ വായിക്കാതെ വിട്ട ഭാഗങ്ങളും അം​ഗീകരിക്കണമെന്നും, സർക്കാർ അംഗീകരിച്ച പ്രസംഗം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാ​ഗമാണ് ​ഗവർണർ വായിക്കാതെ വിട്ടത്.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി ​ഗവർണർ വിട്ട ഭാ​ഗം വായിച്ചത്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന ​ഭാ​ഗം ​ഗവർണർ ഒഴിവാക്കി. കൂടാതെ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണെന്നുമുള്ള വാചകവും ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. നയപ്രഖ്യാപനത്തിലെ `നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്' എന്ന വാചകത്തിനോടൊപ്പം 'എന്റെ സര്‍ക്കാര്‍ കരുതുന്നു'' എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തതായും മുഖ്യമന്ത്രിയുടെ തിരുത്തൽ പ്രസം​ഗത്തിൽ പറയുന്നു.

YouTube video player