
തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍റെ രാജിയില്‍ പ്രതികരണവുമായി ഇന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്ത്. അടൂരിന്‍റേത് പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. അടൂരിന്‍റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. അടൂർ പറഞ്ഞവയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കും. വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏൽപ്പിച്ചത്. വിദ്യാർത്ഥികളുടെ സമരം തുടങ്ങിയ അന്ന് മുതൽ സർക്കാർ ഇടപെട്ടത് വസ്തുനിഷ്ഠമായിട്ടാണ്. അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ സഹകരിക്കാൻ ഡയറക്ടർ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം രണ്ടാമത് രണ്ട് വിദഗ്ധരെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചു. റിപ്പോർട്ടിൻമേലുള്ള കാര്യങ്ങൾ മനസിലാക്കിവരും മുൻപെയാണ് ശങ്കർ മോഹന്‍റെ രാജി. സർക്കാർ ആരോടും ഒഴിഞ്ഞ് പോകാൻ നിര്‍ദ്ദേശിച്ചിട്ടില്ല. അടൂർ കേരളത്തിന്‍റെ അഭിമാനമാണ്. സെൻസിറ്റീവായ വിഷയത്തിൽ അവധാനതയോടെ മാത്രമെ ഇടപെടാവു എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പുകൾ ആരേയും താഴ്ത്തിക്കെട്ടാനായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി,
ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചു. ''ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ശങ്കർ മോഹനെതിരായ ആരോപങ്ങങ്ങളെല്ലാം തള്ളി അടൂർ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam