
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകളിൽ (Thycaud Rest House) നാളെ മുതൽ പൊതുജനങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാനിരിക്കേ തിരുവനന്തപുരം തൈക്കാട്ടെ സർക്കാർ റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് (PA Mohammed Riyas).
റസ്റ്റ് ഹൗസ് പരിസരം നടന്നു കണ്ട മന്ത്രി അടുക്കളയും കേറി പരിശോധിച്ചു. റസ്റ്റ് ഹൗസിന് പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിന് റസ്റ്റ് ഹൗസ് മാനേജറെ മന്ത്രി ശകാരിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകൾ ശുചിയാക്കണം എന്ന് നേരത്ത തന്നെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് മാനേജർമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്ര ദിവസമായിട്ടും ഈ നിർദേശം പാലിക്കാതിരുന്നതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. റെസ്റ്റ് ഹൗസിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി.
സർക്കാർ എടുത്ത നല്ലൊരു സമീപനത്തെ തകർക്കാനോ അട്ടിമറിക്കാനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പൊതുജനങ്ങൾക്ക് റസ്റ്റ് ഹൗസുകൾ ലഭ്യമാക്കാനുള്ള തീരുമാനം സർക്കാർ നേരത്തെ എടുത്തതാണ് ഇതിനു മുന്നോടിയായി റസ്റ്റ് ഹൗസുകൾ ശുചീകരിക്കണമെന്നും അടിയന്തര സൗകര്യങ്ങളെല്ലാം സജ്ജമാക്കണമെന്നും എല്ലാ റസ്റ്റ് ഹൗസുകളിലും അറിയിച്ചതുമാണ്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കുന്നതല്ല - മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam