നാളെ സ്കൂളിലേക്ക് ; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി, നേരിട്ട് വരാത്തവരോട് വിവേചനമില്ലെന്ന് ശിവൻകുട്ടി

By Web TeamFirst Published Oct 31, 2021, 1:16 PM IST
Highlights

സ്കൂൾ തുറക്കുമ്പോഴുള്ള കുട്ടികളുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും സ്കൂളുകളുടെയുമൊക്കെ പ്രശ്നങ്ങൾ സ്ഥിതിഗതികൾ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിൻറെ പ്രസൻ്റ് ടീച്ചർ പരമ്പര തുറന്ന് കാണിച്ചത്.

തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ നാളെ (School Reopening) തുറക്കും. നാളെ സുപ്രധാന ദിവസമാണെന്നും ജാഗ്രത കൈവിടരുതെന്നും  മുഖ്യമന്ത്രി (Chief Minister) പറഞ്ഞു. സ്കൂളിൽ കുട്ടികൾക്ക് നേരിട്ടെത്താൻ പറ്റാത്തത് അയോഗ്യതയായി കണക്കാക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിൻറെ പ്രസൻ്റ് ടച്ചർ പരമ്പരയുടെ സമാപനപരിപാടിയിൽ വിദ്യാഭ്യാസമന്ത്രി (Education Minister) പറഞ്ഞു. സ്കൂൾ തുറക്കൽ നടപടിക‌‌ൾക്ക് സർക്കാറിന് പൂർണ്ണ പിന്തുണയെന്ന് പ്രതിപക്ഷനേതാവും ചർച്ചയിൽ ഉറപ്പ് നൽകി.

ജൂൺ ഒന്നിന് തുടങ്ങിയ ഡിജിറ്റൽ ക്ലാസുകൾക്ക് ശേഷം ഇനി പഠനം നേരിട്ട് സ്കൂളിൽ നിന്നും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് ആശങ്ക മാറ്റാൻ കളിയും ചിരിയുമായൊക്കെയാണ് തുടക്കം. സ്കൂൾ തുറക്കുമ്പോഴുള്ള കുട്ടികളുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും സ്കൂളുകളുടെയുമൊക്കെ പ്രശ്നങ്ങൾ സ്ഥിതിഗതികൾ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിൻറെ പ്രസൻ്റ് ടീച്ചർ പരമ്പര തുറന്ന് കാണിച്ചത്. ഇപ്പോഴും രക്ഷിതാക്കളുടെ ആശങ്ക പൂർണ്ണമായും മാറാത്ത സാഹചര്യത്തിൽ ക്ലാസിലെത്താൻ സർക്കാർ നിർബന്ധിക്കില്ലെന്ന സമാപന ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി.

നാളെ സ്‌കൂൾ തുറക്കുമ്പോൾ ക്ലാസിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കണക്കാക്കില്ല, നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാം. ഭിന്നശേഷിക്കാരുടെ ക്‌ളാസുകളുടെ കാര്യത്തിൽ ആദ്യ രണ്ടാഴ്ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആദിവാസി മേഖലയിൽ നിന്ന് ക്ലാസ് മുറികൾക്കും ഡിജിറ്റൽ ക്ലാസുകൾക്കും പുറത്തായവരെ തിരികെയെത്തിക്കാൻ വിദ്യാഭ്യാസവകുപ്പ് പ്രത്യേകം പദ്ധതികളാവിഷ്കരിക്കുമെന്ന് കൈറ്റ്സ് വിക്ടേഴ്സ് സിഇഒ അൻവർ സാദത്ത് ചർച്ചയിൽ പറ‌ഞ്ഞു. 

സ്കൂൾ തുറക്കലിന് പ്രതിപക്ഷവും നൽകുന്നത് പൂർണ പിന്തുണ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്കൂൾ തുറക്കലിനെ സ്വാഗതം ചെയ്യുകയാണ്. കൊവിഡിനോട് ജാഗ്രത പുലർത്തി കുട്ടികൾ സ്കൂളിലേക്ക് എത്തട്ടെയെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്കൂൾ തുറക്കുന്നതിന്റെ സന്തോഷം തനിക്കുമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആദ്യ രണ്ടാഴ്ച്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം കോവിഡ് വ്യാപനസ്ഥിതി കൂടി നേക്കിയാണ് തുടർ നടപടികൾ. ഡിസംബർ വരെയുള്ള പാഠ്യപദ്ധതി - പഠന പ്രവർത്തനങ്ങളാണ് ഇപ്പോൾ തയാറാക്കിയിട്ടുള്ളത്. 

click me!