
തിരുവനന്തപുരം: കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വിയോജിപ്പുമായി മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎൽഎ പ്രമോദ് നാരായണും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും. ഇടത് മുന്നണി വിട്ട് യുഡിഎഫിൽ ചേക്കേറാൻ കേരള കോൺഗ്രസ് എമ്മിൽ ഉദ്വേഗ നീക്കങ്ങൾ നടക്കുന്നുവെന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തിയത്. പിണറായി വിജയനും ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ 'തുടരും' എന്ന അടിക്കുറിപ്പോടെ റോഷി ഫേസ്ബുക്ക് കവർ ചിത്രമാക്കി. ഇന്നലെ നടന്ന കേന്ദ്ര വിരുദ്ധ സമരത്തിന്റെ ഫോട്ടോയാണ് മന്ത്രി പങ്കുവെച്ചത്. ഫോട്ടോയിൽ ജോസ് കെ മാണി ഇല്ല എന്നതും ശ്രദ്ദേയമാണ്.
റാന്നി എംഎൽഎ പ്രമോദ് നാരായണും മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ തുടരും 2026 എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാൻഡിന്‍റെ പച്ചക്കൊടി കിട്ടിയിട്ടുണ്ടെന്നും സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായുമാണ് റിപ്പോർട്ട്. പാലായടക്കം മുൻ സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റെന്ന ഓഫർ വച്ചേക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരള കോൺഗ്രസ് എമ്മിനെ മുസ്ലീം ലീഗ് അടക്കമുള്ളവർ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഒരു കാരണവുമില്ലാതെ അപമാനിച്ച് ഇറക്കിവിട്ടുവെന്നും ഒരിക്കലും യുഡിഎഫിനൊപ്പമില്ലെന്നും കേരള കോൺഗ്രസ് നിലപാടെടുത്തു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിലടക്കം കേരള കോൺഗ്രസിന് തിരിച്ചടി നേരിട്ടതോടെയാണ് മുന്നണി മാറ്റ ചർച്ചകൾ വീണ്ടും സജീവമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam