
തിരുവനന്തപുരം: നടി പാര്‍വതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ; 'സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല'തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ക്ലേവെന്ന വിമര്‍ശനമാണ് പാര്‍വതി തിരുവോത്ത് നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാ വിവരങ്ങളും നല്‍കാൻ തയ്യാറാണ്. ധനകാര്യ മന്ത്രി ബാലഗോപാൽ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ അഭിപ്രായ വ്യത്യാസമില്ല. കോൺക്ലേവ് ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തുന്നുവെന്ന ആരോപണം തെറ്റിദ്ധാരണ മൂലമാണ്.
സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോൺക്ലേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികളാണ് പങ്കെടുക്കുക. കോണ്‍ക്ലേവുമായി മുന്നോട്ട് പോകും. വി ഡി സതീശൻ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് മറയ്ക്കാൻ ഒന്നും ഇല്ലെന്ന് മന്ത്രി വിഎന്‍ വാസവൻ പറഞ്ഞു. നിലവിൽ കേസ് എടുക്കാൻ നിയമ പ്രശനം ഉണ്ട്. പരാതികൾ വന്നാൽ കേസ് എടുക്കാം
സിനിമ മേഖല ആകെ മോശം അല്ല. ലൊക്കേഷനിലെ ലഹരി ഉപയോഗം കുറയ്ക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വിഎന്‍ വാസവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam