പുനർഗേഹത്തിന് പലിശ ഈടാക്കില്ല, മീനിന് ന്യായ വില ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

By Web TeamFirst Published Sep 3, 2021, 4:43 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ട‍ർ കൃഷ്ണേന്ദു കേരളത്തിലെ കടലോരങ്ങളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകളിലാണ് ഇന്ന് വിശദമായ ചർച്ച നടന്നത്.  അനുഭാവപൂർണ്ണമായ സമീപനമാണ് ഫിഷറീസ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. 

തിരുവനന്തപുരം: പുനർഗേഹം ഭവനപദ്ധതിയിൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് പലിശ ഈടാക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നിലക്കടൽ പച്ച മനുഷ്യർ പ്രത്യേക ചർച്ചയിലാണ് ഫിഷറീസ് മന്ത്രിയുടെ പ്രതികരണം. മത്സ്യത്തൊഴിലാളികള്‍ക്ക് മീനിന്‍റെ ന്യായവില ലഭ്യമാക്കുമെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച നിയമം കൊണ്ട് വരുമെന്നും സജി ചെറിയാൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ട‍ർ കൃഷ്ണേന്ദു കേരളത്തിലെ കടലോരങ്ങളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകളിലാണ് ഇന്ന് വിശദമായ ചർച്ച നടന്നത്.  അനുഭാവപൂർണ്ണമായ സമീപനമാണ് ഫിഷറീസ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. 

മീനിന് ന്യായ വില ഉറപ്പാക്കുന്നതിനാണ് ശ്രമം. സാമ്പത്തികസഹായം നൽകുന്നതിനാലാണ് മത്സ്യത്തൊഴിലാളികള്‍ ഇടനിലക്കാരെ ആശ്രയിക്കുന്നതെന്നും ഇത് പരിഹരിക്കാൻ സാമ്പത്തിക സഹായത്തിന് സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തണമെന്നും മന്ത്രി ചർച്ചയിൽ അഭിപ്രായപ്പെട്ടു. സമുദായ സംഘടനകള്‍ അടക്കം ഒരു മനസ്സോടെ നിന്നാൽ പ്രശ്നം ഒരു മണിക്കൂര്‍ കൊണ്ട്  തീര്‍ക്കാമെന്നാണ് സജി ചെറിയാൻ പറയുന്നത്.

സര്‍ക്കാര്‍ ഹാര്‍ബറുകളിൽ ലേലച്ചുമതല സര്‍ക്കാരിനും മറ്റിടങ്ങളിൽ സൊസൈറ്റികള്‍ക്കും ചുമതലയുണ്ടാകും. എന്നാൽ  സംഘങ്ങളെ ശക്തിപ്പെടുത്തണം. പ്രശ്ന പരിഹാരത്തിനുള്ള ചട്ടക്കൂട് തയ്യാറാക്കി. താങ്ങുവില പ്രഖ്യാപനത്തിന് ചില പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കണം,
എല്ലാ ഹാര്‍ബറുകളിലും സ്റ്റോറേജ് സംവിധാനമുണ്ടാക്കണം, വില്‍പനയ്ക്ക് വിപുലമായ മാര്‍ക്കറ്റിങ് സംവിധാനമുണ്ടാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

click me!