പുലിപ്പല്ല് കേസിൽ ജാമ്യം, പിന്നാലെ വേടനെ പിന്തുണച്ച് വനം മന്ത്രി; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Published : Apr 30, 2025, 06:40 PM IST
പുലിപ്പല്ല് കേസിൽ ജാമ്യം, പിന്നാലെ വേടനെ പിന്തുണച്ച് വനം മന്ത്രി; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Synopsis

വേടനെതിരായ കേസിൽ അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം മാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരം റാപ്പർ വേടനെ പിന്തുണച്ച് വനം മന്ത്രി എകെ ശശീന്ദ്രൻ. വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമെന്നും വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും മന്ത്രി പ്രതികരിച്ചു. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി വേടൻ തിരിച്ചുവരേണ്ടതുണ്ടെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

'രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടന്‍. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അയാള്‍ തിരിച്ചുവരണം. സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകും. ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെ. വേടന്റെ ശക്തിയാര്‍ന്ന മടങ്ങിവരവിന് ആശംസിക്കുന്നു.'

'വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വിഷയം സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വനംമന്ത്രി എന്ന നിലയില്‍ എന്നോട് ചില മാധ്യമങ്ങള്‍ ചോദിച്ചതില്‍ നിയമവശങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും വനം മന്ത്രിയും ഈ കേസില്‍ ചെയ്യുന്നുവെന്ന നിലയില്‍ ചില മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചു. വനം വകുപ്പിനും സര്‍ക്കാരിനുമെതിരെ ഈ പ്രശ്നം ഏതു വിധത്തില്‍ തിരിച്ചുവിടാമെന്ന് ചില ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായി.'

കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. കേസിനെ പെരുപ്പിച്ചു കാണിക്കാനിടയായ പ്രതികരണം നടത്തിയതിന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആരായാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി