'5 മിനിറ്റ് പോലും ക്ഷമ കാണിക്കുന്നില്ല, ലൈന്‍ ഓഫ് ചെയ്യാതെയാണ് പലപ്പോഴും ജോലി'; പ്രയാസം തുറന്ന് പറഞ്ഞ് മന്ത്രി

Published : Jul 20, 2024, 08:45 PM IST
'5 മിനിറ്റ് പോലും ക്ഷമ കാണിക്കുന്നില്ല, ലൈന്‍ ഓഫ് ചെയ്യാതെയാണ് പലപ്പോഴും ജോലി'; പ്രയാസം തുറന്ന് പറഞ്ഞ് മന്ത്രി

Synopsis

ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാതെയാണ് പലപ്പോഴും അവര്‍ ജോലി ചെയ്യുന്നത്. ഇത് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നുണ്ട്

കൊച്ചി: കെഎസ്ഇബിയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വസ്തുതാപരമായ വിമര്‍ശനങ്ങള്‍ ആര് ഉന്നയിച്ചാലും സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. രാപകല്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രയാസം കൂടി എല്ലാവരും മനസിലാക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാതെയാണ് പലപ്പോഴും അവര്‍ ജോലി ചെയ്യുന്നത്. ഇത് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും വൈദ്യുതി നിലച്ചാല്‍ അഞ്ച് മിനുട്ട് ക്ഷമകാണിക്കാന്‍പോലും ജനങ്ങള്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

എറണാകുളം കലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മഴക്കാലത്ത് ഇതുവരെ സംസ്ഥാനത്ത് 591 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായി. 1791 പോസ്റ്റുകളും തകര്‍ന്നു. ഇങ്ങനെയുള്ള ആയിരക്കണക്കിന് തകരാറുകള്‍ പരിഹരിക്കാന്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഓഫീസുകളില്‍ കയറിയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 1912 ടോള്‍ ഫ്രീ നമ്പര്‍ കൂടാതെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കങ്ങളുമായി കുറച്ചുകാലമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഈ നീക്കത്തില്‍ നിന്ന് പിന്നോട്ടുപോകുമെന്ന് കരുതാം. എങ്കിലും ജാഗ്രത തുടരണം. സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി മേഖലയെ ഒറ്റക്കമ്പനിയായി പൊതുമേഖലയില്‍ നിലനിര്‍ത്തി പോരുകയാണ്. ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകും. 

പൊതുജനതാല്‍പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനം കാര്യക്ഷമാക്കണമെങ്കില്‍ സാമ്പത്തിക അച്ചടക്കം ആവശ്യമാണ്. നിലവിലുള്ള റവന്യു ഗ്യാപ് ഘട്ടഘട്ടമായി കുറച്ചുകൊണ്ടുവരണം.  13,000 കോടി രൂപ ചെലവ് വരുന്ന വൈദ്യുതി വാങ്ങലില്‍ സൂക്ഷ്മശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വിലകുറഞ്ഞ വൈദ്യുതി കരാറുകളില്‍ ഏര്‍പ്പെട്ട് ഈ ചെലവില്‍ 10 ശതമാനമെങ്കിലും കുറവ് വരുത്താന്‍ കഴിയണം.  വൈദ്യുതി ചെലവുകള്‍ക്ക് അനുസരിച്ച് വൈദ്യുതി താരിഫ് കൂട്ടുന്ന പതിവ് ഇവിടെയില്ല. ഉല്പാദന രംഗത്ത് പുതിയ പദ്ധതികള്‍ വരേണ്ടതുണ്ട്. സംസ്ഥാനത്ത് 3000 ടി എം സി വെള്ളം ഉണ്ട്. എന്നാല്‍ വൈദ്യുതിക്കും കൃഷിക്കുമായി 300 ടി എം സി മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ളത് പാഴാകുകയാണ്. കൃഷിക്കുപോലും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

ഇടുക്കിയില്‍ നിന്ന് 55 പൈസയ്ക്കാണ് ഒരു യുണിറ്റ് വൈദ്യുതി ലഭിക്കുന്നത്. എന്നാല്‍ പീക്ക് സമയത്ത് പുറത്തുനിന്ന് വാങ്ങുന്നത് 8 മുതല്‍ 15 രൂപ നല്‍കിയാണ്. ഒരു പദ്ധതി ആലോചിച്ചാല്‍ പരിസ്ഥിതിക്ക് ദോഷം എന്ന് പറഞ്ഞ് പെരുപ്പിച്ചുകാട്ടി തടസപ്പെടുത്തുകയാണ്. പരിസ്ഥിതിക്ക് ഏറ്റവും വലിയദോഷം കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉലപാദിപ്പിക്കുമ്പോഴാണെന്നും മന്ത്രി പറഞ്ഞു. 

വൈദ്യുതിമേഖലയില്‍ കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് കേരളം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 831.2 മെഗാവാട്ട് ഉല്പാദനശേഷി കൈവരിച്ചു. ഇതില്‍ 782.71 മെഗാവാട്ട് സൗരോര്‍ജ്ജത്തില്‍ നിന്നും 48.55 മെഗാവാട്ട് ജല പദ്ധതികളില്‍ നിന്നുമാണ്. കൂടാതെ 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി, 40 മെഗാവാട്ട് ശേഷിയുള്ള തോട്ടീയാര്‍ ജലവൈദ്യുത പദ്ധതി എന്നിവ ഈ വര്‍ഷം പൂര്‍ത്തികരിക്കും. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി സുവര്‍ണജൂബിലി പദ്ധതി, 450 മെഗാവാട്ടിന്റെ ശബരി വിപുലീകരണ പദ്ധതി, 240 മെഗാവാട്ടിന്റെ പദ്ധതി എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. 

കലൂര്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനു സമീപം 25 സെന്റ് സ്ഥലത്ത് 2.82 കോടി രൂപ ചെലവലില്‍ 6000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ഉമ തോമസ് എം.എല്‍.എ അധ്യക്ഷതവഹിച്ച ചടങ്ങില്‍  ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സാബു ജോര്‍ജ്, ആന്റണി പൈനതറ, കെ എസ് ഷൈജു, സാബു ജോസഫ് നിരപ്പുക്കാട്ടില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ഏരിയ പ്രസിഡിന്റ് കെ.എ നാദിര്‍ഷ, എഡ്രാക്ക് പ്രസിഡന്റ് രംഗദാസ പ്രഭു, കെ.എസ്.ഇ.ബി.എല്‍ വിതരണ വിഭാഗം ഡയറക്ടര്‍ പി.സുരേന്ദ്ര, ചീഫ് എഞ്ചിനീയര്‍ എം.എ പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വെളുപ്പിന് 6.30, അടുത്ത വീട്ടിൽ നിന്ന് പറന്ന് വന്ന ബാഗിൽ 2 കിലോ സ്വർണം; പ്ലാൻ പൊളിഞ്ഞു, കുടുങ്ങി ഉദ്യോഗസ്ഥൻ

ട്രോളുകൾ നേരിട്ട് ഐപിഎസ് ട്രെയിനി അനു, 'തന്‍റെ പിതാവ് പാവം കർഷകൻ, ഐപിഎസുകാരനല്ല', നടക്കുന്നത് വ്യാജ പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്