'14 ദിവസം മുമ്പ് 13 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതി, ഒരാൾക്കും കൊവിഡില്ല'; കേരളത്തിന്റെ നേട്ടമെന്ന് മന്ത്രി

By Web TeamFirst Published Jun 15, 2020, 11:55 PM IST
Highlights

കൊവിഡ് പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകള്‍ വീഴ്ചകളില്ലാതെ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി തോമസ് ഐസക്. പരീക്ഷ കഴിഞ്ഞ്  14 ദിവസത്തിന് ശേഷമാണ് മന്ത്രി ട്വീറ്റില്‍ ഇക്കാര്യം ഉന്നയിച്ചത
 

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകള്‍ വീഴ്ചകളില്ലാതെ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി തോമസ് ഐസക്. പരീക്ഷ കഴിഞ്ഞ്  14 ദിവസത്തിന് ശേഷമാണ് മന്ത്രി ട്വീറ്റില്‍ ഇക്കാര്യം ഉന്നയിച്ചത്. ഒരു കുട്ടിക്കുപോലും കൊവിഡ് ബാധിച്ചില്ലെന്നും കാര്യക്ഷമമായ പ്ലാനിങ്ങിലൂടെ ദൗത്യം വിജയം കണ്ടെന്നും തോമസ് ഐസക് ട്വീറ്റ് ചെയ്യുന്നു.

' കേരളത്തില്‍ 14 ദിവസം മുമ്പ് 13 ലക്ഷം കുട്ടികള്‍ അവരുടെ വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയാക്കി. ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും കൊവിഡ് ബാധിച്ചിട്ടില്ല. അത് അത്രയും മികവുറ്റ പ്ലാനിങ് ആയിരുന്നു. സ്‌കൂളുകള്‍ അണുവിമുക്തമാക്കി. എല്ലാവര്‍ക്കും മാസ്‌ക്കുകള്‍ വിതരണം ചെയ്തു. തെര്‍മ്മല്‍ റീഡിങ് നിര്‍ബന്ധമാക്കി. സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്തു. ഓപ്പറേഷന്‍ വിജയിച്ചു.' - എന്നാണ് തോമസ് ഐസക് ട്വീറ്റ് ചെയ്തത്.

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തി വച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ് 30ന് ശേഷമായിരുന്നു മൂല്യനിര്‍ണയം ആരംഭിച്ചത്.  എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

14 days ago 13 lakh school students completed school final exams in Kerala. Not a single student affected by Covid. It was meticulously planned: schools sanitised. Masks distributed to all. Thermal readings mandatory. Physical distancing ensured. Operation success.

— Thomas Isaac (@drthomasisaac)
click me!