
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരത്തിനെതിരായ കടുത്ത നിലപാടിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ 13 ദിവസത്തെ സമരത്തിന് ശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക.
ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാൽ ഈ ഉറപ്പിൽ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചര്‍ച്ച വിളിച്ചിരിക്കുന്നത്.
പുതിയ പരിഷ്ക്കരണം പൂർണമായും പിൻവലിക്കണെമെന്നാണ് ഐഎൻടിയുസിുടെയും സ്വതന്ത്ര സംഘടനകളുടേയും നിലപാട് . ഇക്കാര്യം നാളെ മന്ത്രിക്ക് മുന്നിൽ ഉന്നയിക്കും. നിലവിലെ പരിഷ്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുള്ള മന്ത്രി എന്ത് സമീപനം സ്വീകരിക്കുമെന്നതും ശ്രദ്ധേയം. അതേ സമയം ഇന്ന് പല സ്ഥലങ്ങളിലും പൊലീസ് കാവലിൽ ടെസ്റ്റുകൾ നടന്നു. തിരുവനന്തപുരം മുട്ടത്തറയിലെ സമര പന്തൽ പൊളിച്ചു മാറ്റി. എങ്കിലും സമരക്കാർ തുടരുകയാണ്. ഇന്നലെ മുട്ടത്തറയിൽ ടെസ്റ്റിന് എത്തിയ യുവതിയെ അസഭ്യം പറഞ്ഞതിന് സമരക്കാർക്കെ തിരെ വലിയതുറ പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam