
കൊച്ചി:കോഴിക്കോട് പന്തീരാങ്കാവില്‍ നവവധു ഭര്‍തൃപീഡനത്തിരയായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ വീട്ടുകാര്‍. വിരുന്നിന് പോയപ്പോള്‍ മകളെ കണ്ടിട്ട് മനസിലായില്ലെന്നും തല്ലിച്ചതച്ചുവെന്നും രാഹുലിന്‍റെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പീഡനത്തിനിരയായ നവവധുവിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിരുന്ന് സല്‍ക്കാരത്തിന് 26 പേരാണ് പോയത്. അവിടെ ചെന്നപ്പോള്‍ മകളെ പുറത്തേക്ക് കണ്ടില്ല. മോള്‍ എവിടെ എന്ന് ചോദിച്ചപ്പോ മുകളിലുണ്ടെന്ന് പറഞ്ഞു. ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്നലെ ഒരു പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ പുലര്‍ച്ചെ നാലു മണിയായി ഉറങ്ങിപ്പോയെന്നാണ് രാഹുല്‍ പറഞ്ഞത്. മകള്‍ താഴേക്ക് ഇറങ്ങിവന്നപ്പോള്‍ മുഖത്ത് മുഴുവൻ നീരായിരുന്നു. മകളാണെന്ന് മനസിലാകുന്നില്ല. കെട്ടിച്ചുവിട്ട മകളായെയായിരുന്നില്ല അവിടെ കണ്ടത്. ബാത്ത് റൂമില്‍ വീണുവെന്നാണ് പറഞ്ഞത്. എന്നാല്‍, ഞങ്ങള്‍ക്ക് സംശയമായി.
ബാത്ത്റൂമില്‍ വീണതാണെങ്കിലും സന്തോഷമുള്ള കാര്യം നടക്കുമ്പോള്‍ ചിരിക്കും. എന്നാല്‍, മകള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. മൂക്കില്‍ നിന്നും ചോര വരുന്നതും കണ്ടു. രണ്ട് ചുണ്ടും പൊട്ടിയിട്ടുണ്ടായിരുന്നു. ഇതൊക്കെ കണ്ടപ്പോള്‍ വീണതല്ലെന്ന് മനസിലായി. സത്യം പറയാൻ പറഞ്ഞു. മോള്‍ ആരെയാണ് പേടിക്കുന്നത്. ഇനിയൊരു വിസ്മയയോ ഉത്രയോ ആകാനാണോ ശ്രമമെന്ന് ചോദിച്ചപ്പോള്‍ മകള്‍ സത്യം തുറന്ന് പറഞ്ഞു. രാഹുല്‍ ഉപദ്രവിച്ചുവെന്ന് പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും നവവധുവിന്‍റെ അമ്മ പറഞ്ഞു.
സംഭവം നടക്കുന്നതിന്‍റെ അന്ന് പകല്‍ മകനെ മുറിയിലേക്ക് വിളിച്ച് അമ്മ രഹസ്യമായി സംസാരിച്ചു. ക്രൂരതയുള്ള സ്ത്രീയാണ് അവര്‍. രാഹുലിന്‍റെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ട്. പൊലീസ് അന്വേഷിക്കുമോയെന്നതില്‍ പ്രതീക്ഷയില്ല. ഇവിടത്തെ പൊലീസ് അന്വേഷിക്കുമെന്ന് പ്രതീക്ഷയുണ്ട്. അവിടത്തെ പൊലീസ് അവന്‍റെ തോളില്‍ കയ്യിട്ട് നടക്കുന്നവരാണ്.
സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമര്‍ദനം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി, മുഖ്യമന്ത്രിക്ക് പരാതി
അവൻ പൊലീസിന് പൈസകൊടുത്തിട്ടുണ്ടാകും. അവന്‍റെ കയ്യില്‍ ഇഷ്ടം പോലെ പൈസയുണ്ടാകും. നിയമപോരാട്ടം തുടരും. പൊലീസ് സത്യസന്ധമായി കേസ് അന്വേഷിക്കണം. എന്നാല്‍, അത് ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. മകളുടെ തലയ്ക്ക് പലതവണ ഇടിച്ചു. കൊല്ലാൻ ശ്രമിച്ചു. ഇതിന്‍റെ ഇടയില്‍ ഇറങ്ങി ഓടിയെങ്കിലും പിന്നെയും അവൻ മകളെ മര്‍ദിച്ചു. കുനിച്ചുനിര്‍ത്തിയും ഇടിച്ചു. ബെല്‍റ്റുകൊണ്ടും മര്‍ദിച്ചു. മുഖത്തടിച്ചതോടെ ബോധം പോയെന്നും നവവധുവിന്‍റെ അമ്മ പറഞ്ഞു.
ഗാര്‍ഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതിയില്‍ പറയുന്ന പോലെയുളള അതിക്രമങ്ങള്‍ യുവതി നേരിട്ടോ എന്ന് ഡോക്ടറുടെ മൊഴി ലഭിച്ചാലെ വ്യക്തമാകൂ. കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് പന്തീരാങ്കാവ് പൊലീസിന്‍റെ തീരുമാനം. പ്രതിയ്ക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പറവൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.