
കൊല്ലം: ഉദ്ഘാടന വേദിയിൽ മന്ത്രിയും എംപിയും തമ്മിൽ വാക്ക് പോര്. കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്പെൻസറിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നിൽ സുരേഷ് എം പിയും പരസ്പരം തർക്കിച്ചത്. എം പി പ്രസംഗം തുടരുന്നതിനിടെ മന്ത്രി വേദിയിൽ നിന്നിറങ്ങി പോകുകയും ചെയ്തു.
എം പിയുടെ സൗകര്യം പോലും ചോദിക്കാതെ ആണ് ഉദ്‌ഘാടന പരിപാടി വച്ചതെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ പരാതി. എങ്കിലും എം പി ഓഫീസിൽ കിട്ടിയ കത്ത് പ്രകാരം പരിപാടിയിൽ പങ്കെടുക്കാൻ എത്തി. എന്നാൽ വേദിയിൽ എം പിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല. മന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞ ശേഷം എം പി തന്റെ പ്രതിഷേധം അറിയിച്ചു തുടങ്ങി. താൻ കേന്ദ്രമന്ത്രി ആയിരിക്കെ ആണ് ഡിസ്പെൻസറിക്കായി ശ്രമം തുടങ്ങിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
എൽഡിഎഫ് സർക്കാർ ഇതിനായി ഒന്നും ചെയ്തില്ലെന്ന എം പിയുടെ പരാമർശം മന്ത്രി ടി പി രാമകൃഷ്ണനെ ചൊടിപ്പിച്ചു. എം പിയെ വിലക്കാൻ മന്ത്രി ശ്രമിച്ചെങ്കിലും പ്രസംഗം തുടർന്ന എം പിക്ക് മുന്നിലൂടെ മന്ത്രി ടി പി രാമകൃഷ്ണൻ ഇറങ്ങിപ്പോവുകയായിരുന്നു. വേദിയിലുണ്ടായിരുന്ന കോവൂർ കുഞ്ഞുമോൻ എംഎൽഎയും മറ്റ് ഉദ്യോഗസ്ഥരും അഭ്യർത്ഥിച്ചിട്ടും താൻ മടങ്ങുകയാണെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. എന്നാൽ ഉദ്ഘാടനത്തിന് ശേഷം എം പിയുടെ കൂടി അനുവാദത്തോടെ ആണ് താൻ വേദി വിട്ടതെന്നു മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു.
വീഡിയോ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam