കമ്മ്യൂണിസത്തിനെതിരായ പ്രമേയം: 'സമസ്തയെ ഹൈജാക്ക് ചെയ്യാൻ നോക്കുന്നു; പിണറായിക്ക് ലീഗ് സർട്ടിഫിക്കറ്റ് വേണ്ട'

Web Desk   | Asianet News
Published : Jan 03, 2022, 09:56 PM IST
കമ്മ്യൂണിസത്തിനെതിരായ പ്രമേയം: 'സമസ്തയെ ഹൈജാക്ക് ചെയ്യാൻ നോക്കുന്നു; പിണറായിക്ക് ലീഗ് സർട്ടിഫിക്കറ്റ് വേണ്ട'

Synopsis

സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുന്നുവെന്നും ഇത് സമസ്ത നേതാക്കള്‍ തിരിച്ചറിയുന്നുണ്ടെന്നും അബ്ദുറഹ്മാന്‍

മലപ്പുറം: കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയത്തിന്‍റെ പേരിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുന്നുവെന്ന് അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ഇതിന്‍റെ ഭാഗമായുള്ളതാണെന്ന് മന്ത്രി ചൂണ്ടികാട്ടി. സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുന്നുവെന്നും ഇത് സമസ്ത നേതാക്കള്‍ തിരിച്ചറിയുന്നുണ്ടെന്നും അബ്ദുറഹ്മാന്‍ വിശദീകരിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം ലീഗിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യൂണിസത്തിനെതിരായ സമസ്ത പ്രമേയം തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ: 'പ്രമേയം തൻ്റെ അറിവോടെയല്ല'

അതേസമയം കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പാസാക്കിയ പ്രമേയം തന്‍റെ അറിവോടെയുള്ളതല്ലെന്ന് വ്യക്തമാക്കി സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങളും രംഗത്തെത്തി. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള  പ്രമേയം അവതരിപ്പിച്ചത് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഇതോടെ സമസ്തയും മുസ്ലീം ലീഗുമായി ബന്ധപ്പെട്ട ഉയരുന്ന വിവാദങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാവാനാണ് സാധ്യത.

ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് നയമെന്ന് സമസ്ത സംസ്ഥാന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍  വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് കമ്മ്യൂണിസത്തിനെതിരെ പ്രമേയം പാസാക്കിയത്. പ്രമേയ വാർത്ത പുറത്തുവന്നതിന് പിന്നാലെ വലിയ ചർച്ചയായി അത് മാറുകയായിരുന്നു.

സമസ്ത പ്രമേയത്തിൽ പറയുന്നത്

ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പാസാക്കിയ പ്രമേയത്തിൽ പറയുന്നത്. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് സമ്മേളനത്തിന്‍റെ കൺവീനർ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ  പ്രമേയം  അവതരിപ്പിച്ചത്.

'മതനിരാസ ചിന്തകളെ ജാഗ്രതയോടെ കാണണം'; കമ്മ്യൂണിസത്തിനെതിരെ സമസ്ത പ്രമേയം

സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണെന്നും സമസ്ത പ്രമേയത്തിൽ പറഞ്ഞിരുന്നു. സമുദായത്തിനുള്ളിൽ ചിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് വിശ്വാസികൾ ജാഗ്രത പുലർത്തണം. മുമ്പില്ലാത്ത വിധം വിവിധ മത വിശ്വാസികൾക്കിടയിൽ ധ്രുവീകരണം നടക്കുന്നുണ്ടെന്നും കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും സമസ്ത പ്രമേയത്തിലൂടെ വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ