
തിരുവനന്തപുരം : നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന യാതൊരുവിധ അറിയിപ്പും റെയിൽവേ ബോർഡിൽ നിന്നോ റയിൽവേ മന്ത്രാലയത്തിൽ നിന്നോ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ. പദ്ധതി പിൻവലിക്കുന്ന തീരുമാനം എടുത്തിട്ടില്ലെന്നാണ് റയിൽവേ അധികൃതർ അറിയിച്ചത്. ജൂൺ 20 ന് ചീഫ് സെക്രട്ടറി റെയിൽവേയുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി സഭയെ അറിയിച്ചു.
'നേമത്തെ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുത്', പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി
തിരുവനന്തപുരം : നേമത്തുള്ള കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 2011-12-ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ പ്രാധാന്യം 2019-ൽ തറക്കല്ലിടുന്ന ഘട്ടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞതാണ്. പദ്ധതി പൂർത്തിയായാൽ കോച്ചുകളുടെ മെയിന്റിനൻസ് പൂർണമായി ഇങ്ങോട്ടു മാറ്റുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
പദ്ധതി ഉപേക്ഷിച്ചതോടെ ഭൂമി വിട്ടു നൽകിയവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതിയ ഊർജ്ജം സമ്മാനിക്കാൻ പര്യാപ്തമായ ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം തിരുത്തി പദ്ധതി സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam