
മലപ്പുറം: മണ്ഡലം മാറി മത്സരിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ. താനൂരിൽ നിന്ന് തിരൂരിലേക്ക് മാറ്റി ഔദ്യോഗിക പ്രഖ്യാപനം വന്നു. എല്ലാവര്‍ക്കും സ്വന്തം നാട്ടില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടാകില്ലേ എന്നാണ് അബ്ദുറഹ്മാന്‍റെ പ്രതികരണം. തിരൂരിന്‍റെ വികസനമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കൊണ്ടോട്ടിയിൽ ഡോ പി ജിജി എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കോട്ടക്കലിൽ കെ പ്രീതി മത്സരിക്കും. താനൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും അബ്ദുറഹ്മാൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. മത്സരിക്കാൻ താൽപ്പര്യം ഇല്ലാതിരുന്നിട്ടും നിർബന്ധിച്ചു സ്ഥാനാർത്ഥി ആക്കിയതിൽ അതൃപ്തി എന്നായിരുന്നു സൂചന. എന്നാൽ ആരോഗ്യ കാരണങ്ങളാലാണ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്നാണ് സിപിഎം വിശദീകരിച്ചത്. മണ്ഡലം മാറിയതോടെ പെരുന്നാൾ കഴിഞ്ഞ് സജീവമാകാനാണ് മന്ത്രിയുടെ തീരുമാനം.
അതിനിടെ അബ്ദുറഹ്മാൻ രണ്ടത്താണി ഇടതുപാളയത്തിൽ എത്തിയേക്കുമെന്ന സൂചനയുണ്ടായിരുന്നു. രണ്ടത്താണിയെപ്പോലുള്ളവർ ലീഗിൽ നിന്ന് പുറത്തുവന്നാൽ പിന്തുണയ്ക്കുന്ന കാര്യം ഇടത് മുന്നണി ആലോചിക്കുമെന്നാണ് സിപിഎം നേതാവ് വിജയരാഘവൻ വ്യക്താക്കിയത്. മലപ്പുറത്ത് എൽ ഡി എഫ് എം എൽ എമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളെ മാറ്റി കൂടുതൽ കരുത്തരെ അവതരിപ്പിക്കാനുള്ള സാധ്യതയയും പങ്കുവച്ചിരുന്നു. മന്ത്രി വി അബ്ദുറഹിമാന്റെ മണ്ഡലം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രണ്ടാം പട്ടികയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നും വിജയരാഘവൻ സൂചിപ്പിച്ചു. അതു സംബന്ധിച്ചാണ് ഇന്ന് ഔദ്യോഗിക പ്രതികരണം വന്നത്. അതേസമയം രണ്ടത്താണി ലീഗ് വിടില്ലെന്ന് വ്യക്തമാക്കി.
മലപ്പുറത്തെ രണ്ടു മണ്ഡലങ്ങളിൽ എൽഡിഎഫ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല. താനൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത്. വി അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയതോടെയാണ് താനൂർ ഒഴിഞ്ഞത്. വള്ളിക്കുന്ന് മണ്ഡലത്തിലേക്ക് രണ്ട് ഐ എൻ എൽ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം കാരണം ആരെയും കണ്ടെത്താനായില്ല. ഇവിടേക്ക് പൊതുസ്വതന്ത്രനെ കണ്ടെത്താനാണ് സിപിഎം ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam