
തിരുവനന്തപുരം: പഠനാനാവശ്യത്തിനായി മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറി താഴെ വീണ് നട്ടെല്ലിന് പരിക്കേറ്റ കണ്ണൂർ കണ്ണവത്തെ വിദ്യാർത്ഥി അനന്തുവിന് നാളെ തന്നെ വേണ്ട സഹായം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോഴും കിടപ്പിൽ തുടരുന്ന അനന്തുവിന്റെ ദുരവസ്ഥ പ്രസന്റ് ടീച്ചർ എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പരമ്പരയിലൂടെ പുറത്തു കൊണ്ട് വന്നിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 26 നാണ് അനന്തുവിന് അപകടം സംഭവിക്കുന്നത്. കണ്ണവം പന്നിയോട് കോളനിയിലെ കുട്ടികൾക്ക് മരത്തില്‍ കയറിയില്ലേ ഓണ്‍ലൈന്‍ ക്ലാസില്‍ കയറാന്‍ റേഞ്ച് ലഭിക്കൂ. പത്താം ക്ലാസുകാരനായ അനന്തു റേഞ്ച് കിട്ടാൻ മരത്തിൽ കയറിയപ്പോള്‍ കൊമ്പൊടിഞ്ഞ് നിലത്ത് വീഴുകയായിരുന്നു. നട്ടെല്ലിനും കാലുകൾക്കും ഗുരുതര പരിക്കേറ്റ് ഒന്നനങ്ങാനാകാതെ കിടപ്പിലാണ് അനന്തു ഇപ്പോഴും. അനന്തുവിനെ ശുശ്രൂഷിക്കേണ്ടതിനാൽ ജോലിക്ക് പോകാനാകത്ത മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്ന ആടുകളെ വിറ്റാണ് ചെലവുകൾ കഴിക്കുന്നത്. ഇനിയും മാസങ്ങൾ ചികിത്സയിൽ തുടരേണ്ടതിനാൽ കുട്ടിയുടെ പഠനവും പാതി വഴിയിലായിരിക്കുകയാണ്.
എസ്ടി വിഭാഗത്തിൽ പെട്ടതിനാൽ മെഡിക്കൽ കോളേജിലെ അനന്തുവിന്‍റെ ചികിത്സ സൗജന്യമായിരുന്നു. പക്ഷെ കണ്ണവത്ത് ഒരു ഫുഡ്പാക്കിംഗ് കമ്പനിയിൽ പണിയെടുക്കുന്ന ഉഷ മകനെ നോക്കേണ്ടതിനാൽ രണ്ട് മാസമായി ജോലിക്ക് പോയിട്ടില്ല. ചെലവ് നടത്താൻ വീട്ടിലുണ്ടായിരുന്ന ആടുകളിൽ പകുതിയും വിറ്റു. രണ്ടാഴ്ച കൂടുമ്പോൾ വണ്ടി വിളിച്ച് എഴുപത് കിലോമീറ്റർ ദൂരെയുള്ള മെഡിക്കൽ കോളേജിൽ അനന്തുവിനെ കൊണ്ടുപോകണം. ഇതിനായി ഓരോ തവണയും നാലായിരം രൂപ ചിലവ് വരും. ഈ പണം കണ്ടെത്താനും പാടുപെടുകയാണ് കുടുംബം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam