
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നതെന്ന് പറഞ്ഞ മന്ത്രി, ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
അതേസമയം, തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങാനുള്ള നീക്കത്തിനെതിരെ വിഴിഞ്ഞം തീരവാസികളുടെ ചെറുത്ത് നിൽപ്പ് തുടരുകയാണ്. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം സമരഭൂമി ഇന്ന് യുദ്ധക്കളമായി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam