
തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യും.
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണയായതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ചില ഭാഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.
ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam