
തിരുവനന്തപുരം : സ്വന്തം വകുപ്പിന് കീഴിലെ കൂടുതൽ അനധികൃത നിയമനത്തിന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടതിന്‍റെ തെളിവുകൾ പുറത്ത്. ഡിവൈഎഫ്ഐ വനിതാ നേതാവിന് പുറമെ പത്ത് പേരെ കൂടിയാണ് കിലെയിൽ പിൻവാതിൽ വഴി നിയമിച്ചത്. അധികാര ദുർവ്വിനിയോഗം നടത്തിയുള്ള നിയമനങ്ങൾ വഴി കിലെക്കുണ്ടായത് വൻ സാമ്പത്തികബാധ്യത കൂടിയാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു. മന്ത്രിയുടെ "തൊഴിൽ"
പബ്ലിസിറ്റി അസിസ്റ്റന്‍റായി ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമനെ നിയമിച്ചതില്‍ ഒതുങ്ങുന്നില്ല കാര്യങ്ങള്‍. പ്രോജക്ട് കോഡിനേറ്റര്‍ മുതല്‍ സ്വീപ്പര്‍ വരെ പത്ത് പേരെ പാര്‍ട്ടി തലത്തിലാണ് എടുത്തത്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കിയുള്ള താല്‍കാലിക നിയമനത്തില്‍ എട്ടെണ്ണവും വി ശിവന്‍കുട്ടി കിലെയുടെ ചെയര്‍മാനായ കാലത്താണ്. മന്ത്രിയായതോടെ ഈ ജീവനക്കാരുടെ നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിന് നിരന്തരം കത്തുനല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ച് 15 ന് ധനകാര്യവകുപ്പ് സെക്രട്ടറി നല്‍കിയ മറുപടിയില്‍ നിയമനം സാധൂകരിക്കാനാകില്ലെന്നും കിലേയില്‍ ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരില്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചശേഷം വേണം നിയമനമെന്നും വ്യക്തമാക്കിയിരുന്നു
പ്രപ്പോസല്‍ സമര്‍പ്പിച്ചാല്‍ എന്താണ് സംഭവിക്കുക? ആവശ്യത്തിന് ജീവനക്കാരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കും. അപ്പോള്‍ പാര്‍ട്ടി നിയമനം നടക്കില്ല. ഇത് മറികടക്കാനാണ് ഡിവൈഎഫ്ഐ നേതാവിനെ ഉള്‍പ്പടെ നിയമിച്ചശേഷം സാധൂകരണത്തിനായി ധനവകുപ്പിനെ സമീപിച്ചത്. ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെ മന്ത്രിയും കിലെ ചെയര്‍മാനും മുഖ്യമന്ത്രിയെ വരെ കണ്ട് കാര്യം സാധിച്ചെടുത്തു.
അനധികൃത നിയമനം വഴി കിലെയില്‍ ഉണ്ടായത് അധികസാമ്പത്തിക ബാധ്യതയാണ്. 2021-22 വര്‍ഷം പ്രോജക്ട് സ്റ്റാഫിന്‍റെ ശമ്പള ഇനത്തില്‍ വകയിരുത്തിയത് 39.66 ലക്ഷം രൂപയാണ്. പാര്‍ട്ടിക്കാര്‍ക്ക് പണി വാങ്ങിക്കൊടുത്തപ്പോള്‍ ശമ്പള ഇനത്തില്‍ ചെലവഴിച്ച തുക 64.68 മായി ഉയര്‍ന്നു. ഇക്കാര്യങ്ങള്‍കൂടി ചൂണ്ടിക്കാട്ടിയാണ് അനധികൃതമായി നിമയമിച്ചവരെയെല്ലാം പിരിച്ചുവിടണമെന്ന് ധനവകുപ്പ് ആദ്യം നിര്‍ദേശം നല്‍കിയത്.
മുന്‍കൂര്‍ അനുവാദം കൂടാതെ കിലെയില്‍ നിയമനം പാടില്ലെന്നായിരുന്നു പിണറായി മന്ത്രിസഭ 2019 ആഗസ്ത് 21 നെടുത്ത തീരുമാനങ്ങളിലൊന്ന്. ഈ തീമാനങ്ങളെല്ലാം മറികടക്കാന്‍ ഒരു മന്ത്രി തന്നെ ഇറങ്ങി. പാര്‍ട്ടിക്കാര്‍ക്ക് പണി വാങ്ങിക്കൊടുക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.