
കൊല്ലം: കൊല്ലത്തെ സ്കൂളിൽ ഷോക്കടിച്ച് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക.പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡണ്ട്. മരണത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും വലിയ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് ഇന്ന് സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കടിച്ച് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണപ്പോൾ എടുക്കാനായി കയറിയതായിരുന്നു കുട്ടി. കാൽ തെന്നി വീഴാൻ പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിച്ചതോടെ ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മിഥുന്റെ മരണത്തിൽ നെഞ്ച് പൊട്ടി കരയുകയാണ് കുടുംബം. അതിദരിദ്രമായ ജീവിത സാഹചര്യങ്ങളായിരുന്നു ഇവരുടേത്. തൊഴിൽ തേടി മൂന്ന് മാസം മുൻപ് മാത്രമാണ് മിഥുൻ്റെ അമ്മ വിദേശത്തേക്ക് പോയത്. ഇവരെ ഇതുവരെ മകൻ്റെ മരണ വിവരം അറിയിക്കാനായിട്ടില്ല. ഇന്ന് രാവിലെ സ്കൂളിൽ കൊണ്ടുവിട്ട മകൻ ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ കഴിയുകയാണ് അച്ഛൻ മനോജ്.
സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു. വൈദ്യുതി ലൈൻ മതിയായ ഉയരത്തിലായിരുന്നില്ല. ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം കെഎസ്ഇബിക്ക് അവഗണിച്ചെന്ന് മാനേജ്മെന്റും നാട്ടുകാരും ആരോപിക്കുന്നു. അതേസമയം അപേക്ഷ ലഭിച്ചില്ലെന്നാണ് കെഎസ്ഇബിയുടെ വാഗം. സ്കൂൾ മാനേജ്മെന്റിനും സംഭവത്തിൽ വീഴ്ചയുണ്ടായി. ഷെഡ് നിർമിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ്. അനുമതി വാങ്ങേണ്ടെന്നാണ് മാനേജ്മെൻ്റ് വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam