'മുരളീധരൻ സംഘപരിവാർ കൂടാരത്തിൽ'; പ്രസ്താവനകളിൽ കാവിക്കറ പുരണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

Published : Dec 29, 2021, 02:54 PM IST
'മുരളീധരൻ സംഘപരിവാർ കൂടാരത്തിൽ'; പ്രസ്താവനകളിൽ കാവിക്കറ പുരണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

Synopsis

ലോകത്താകെ കൊവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്നാണ് മുരളീധരൻ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നത്. 

തിരുവനന്തപുരം: കെ മുരളീധരൻ എംപിക്കെതിരെ (K Muraleedharan) കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് മന്ത്രി വി ശിവൻകുട്ടി (V Sivankutty). കെ മുരളീധരൻ എംപി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവകളെന്ന് മന്ത്രി തുറന്നടിച്ചു. ചൂടുള്ളപ്പോൾ കൊവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്നാണ് മുരളീധരൻ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നത്.

അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷമായി തന്നെ സംഘപരിവാർ കൂടാരത്തിൽ ആണ് കെ മുരളീധരൻ. പ്രസ്താവനകൾ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടിയിൽ നോക്കണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുഖ്യമന്ത്രിയോടുള്ള കെ മുരളീധരന്റെ വൈരാഗ്യ നിലപാട്. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ ആണെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവജനതയോട് വിശദമാക്കേണ്ട ഉത്തരവാദിത്തം മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന് ഉണ്ടെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാവാതെ പകച്ചു നിൽക്കുകയാണ് കെ മുരളീധരൻ അടങ്ങുന്ന കോൺഗ്രസ്‌ നേതൃത്വം. മേയർ ആര്യാ രാജേന്ദ്രനെതിരായ കെ മുരളീധരന്റെ പരാമർശവും ഇത് ആദ്യത്തേതല്ല. കേരളത്തിലെ യുവാക്കളും സ്ത്രീകളും ഇതൊക്കെ കാണുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് പച്ച തൊടാൻ ആവാത്തതിന്റെ കൊതിക്കെറുവ് മേയർക്ക് മേൽ തീർക്കാൻ ആണ് മുരളീധരന്റെ ശ്രമം. ഇത്തരം പ്രസ്താവനകൾ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോൺഗ്രസും തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  

"എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും " എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിൻ്റെ അവസ്ഥയെന്ന് ഇന്നലെ  കെ മുരളീധരൻ പറഞ്ഞിരുന്നു. ഭരിക്കുന്നവൻ നന്നെല്ലെങ്കിൽ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കെ റെയിൽ ഇവിടെ വേണ്ട, അത് മറ്റൊരു സിങ്കൂർ ആകും എന്ന് സിപിഎം പ്രവർത്തകർ തന്നെ പറയുന്നു. പിണറായിയെ കണ്ടു പഠിക്കാൻ ഞങ്ങൾ തയ്യാറല്ല. പൊലീസുകാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനം ആയി കേരളം മാറി കഴിഞ്ഞുവെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ.

തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്നുള്ള മുരളീധരന്റെ പ്രസ്താവന വലിയ വിവാദമാണ് ഉണ്ടാക്കിയിട്ടുള്ളത്.  കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരൻ ആര്യാ രാജേന്ദ്രനെതിരെ അതിരൂക്ഷവിമർശനം നടത്തിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് മുരളീധൻ പറഞ്ഞു. 

രാഷ്ട്രപതിക്ക് ബാത്ത്റൂമിൽ വെള്ളം വയ്ക്കാത്തവ‍ർ സിൽവർ ലൈൻ നടപ്പാക്കുന്നു: പരിഹാസവുമായി മുരളീധരൻ

'അതിന് വിവരമില്ല' - മേയർ ആര്യക്കെതിരെ കടുത്ത പരാമർശവുമായി മുരളീധരൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊല്ലത്ത് തേനീച്ച കർഷകൻ സ്ഥാപിച്ച കൂടുകളിൽ വിഷദ്രാവകം തളിച്ചു; പാർട്ടി മാറിയതിലെ പ്രതികാരമെന്ന് പരാതി
ദക്ഷിണ മൂകാംബിക ക്ഷേത്ര ശ്രീകോവിലിൽ കയറാൻ ദമ്പതിമാരുടെ ശ്രമം, ഓടിയെത്തിയ മേൽശാന്തി തടഞ്ഞു; ശുദ്ധികലശം നടത്തും