'കേരള സർക്കാർ വികസനം നടത്തുമെന്ന ഭയമാണ് ബിജെപിക്ക്, കൂടിക്കാഴ്ച ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം'

Published : Jul 29, 2022, 12:06 PM IST
'കേരള സർക്കാർ വികസനം നടത്തുമെന്ന ഭയമാണ് ബിജെപിക്ക്, കൂടിക്കാഴ്ച ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം'

Synopsis

കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച ഒഴിവാക്കിയതിനെ വിമർശിച്ച് മന്ത്രി ശിവൻകുട്ടി

ദില്ലി: സംസ്ഥാനത്തെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി. തങ്ങൾ ഇടപെട്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത് എന്ന് വരുത്തി തീർക്കാനാണ് ശ്രമം. സിൽവർലൈൻ പദ്ധതിയിൽ കേന്ദ്രത്തിന് ഇരട്ടത്താപ്പാണ്. പദ്ധതി ഉപേക്ഷിക്കണം എന്ന് കേന്ദ്രം ഇതുവരെ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടില്ല. പല വികസന പ്രവർത്തനങ്ങൾ കേരള സർക്കാർ നടത്തുമെന്ന ഭയമാണ് ബിജെപിക്കും യുഡിഎഫിനുമെന്നും ശിവൻകുട്ടി ആരോപിച്ചു.

ദില്ലിയിൽ എത്തിയ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആര്‍.അനിൽ, ആന്റണി രാജു എന്നീ മന്ത്രിമാ‍രുമായുള്ള കൂടിക്കാഴ്ച അശ്വിനി വൈഷ്ണവ് ഒഴിവാക്കിയിരുന്നു. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാനെത്തിയത്. എന്നാൽ റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് മന്ത്രി നേരത്തെ സന്നദ്ധത അറിയിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ഇന്ന് ദില്ലിയിൽ എത്തിയതെന്നും മന്ത്രിമാര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതിരുന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടേത് ജനാധിപത്യവിരുദ്ധമായ നിലപാടാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ റെയിൽവേ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും എത്തിയതെന്നും വിഷയം നേരിട്ട് പരിശോധിക്കാൻ കേന്ദ്ര റെയിൽവേ സഹമന്ത്രി അടുത്ത മാസം 25-ന് കേരളത്തിലേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു.  നേമം ടെർമിനൽ പദ്ധതിയോട് അനുകൂല നിലപാട് ആണ് റെയിൽവേ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ വികസനം അടിയന്തരമായി തുടങ്ങും. കൊച്ചുവേളി സ്റ്റേഷൻ വികസനം അടുത്ത വർഷത്തോടെ തുടങ്ങാമെന്നും റെയിൽവേ സഹമന്ത്രി അറിയിച്ചതായും വി.ശിവൻകുട്ടി പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി