
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി വിധി സംസ്ഥാനത്തെ എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനം. നിയമസഭയിൽ ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇത് സംബന്ധിച്ച പ്രത്യേക പ്രസ്താവന നടത്തിയത്.
ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഉൾപ്പെടെയുള്ളവർ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. സർക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീം കോടതിയിലെ എൻഎസ്എസ് കേസ് വിധി മറ്റ് മാനേജ്‌മെന്റുകൾക്കും കൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയമസഭയെ ഇക്കാര്യം അറിയിച്ചത്.
2017 മുതലുള്ള നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന നിർദ്ദേശത്തിൽ മാനേജ്‌മെന്റുകൾക്ക് വലിയ ഇളവുകൾ ലഭിച്ചേക്കും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംവരണ തസ്തികകൾ നികത്തുന്ന രീതിയിൽ മാറ്റങ്ങൾ വരും. ഈ പ്രഖ്യാപനത്തോടെ തടഞ്ഞുവെച്ചിരിക്കുന്ന നിരവധി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ വഴിയൊരുങ്ങും. അനുനയ നീക്കത്തിലൂടെ മാനേജ്‌മെന്റുകളുടെ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam