
കോഴിക്കോട്: സംസ്ഥാന കലോത്സവത്തിന് കോഴിക്കോട് തിരശ്ശീല ഉയർന്നതോടെ പതിറ്റാണ്ടുകൾക്കപ്പുറത്തെ ഓർമ്മകളിലേക്ക് തിരികെപ്പോയി അന്നത്തെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് മന്ത്രി വീണാ ജോർജ്. 1992ൽ മലപ്പുറത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു വീണ. അന്നത്തെ പത്രവാർത്തയും ഫോട്ടോയും അടക്കമാണ് മന്ത്രി സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ...
ഔദ്യോഗിക പരിപാടികൾക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു. മനസിൽ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം. സ്കൂൾ യുവജനോത്സവ കാലങ്ങൾ ഓർമ്മയിൽ ഉണർന്നു. വീട്, പ്രിയപ്പെട്ടവർ ,ഗുരുക്കന്മാർ, വേദികൾ, കൂട്ടുകാർ, കാത്തിരിപ്പ്... എല്ലാം ഓർമിപ്പിക്കുന്നു ഈ കോഴിക്കോട് . അക്കാലത്തു ..മഞ്ജു വാര്യർ, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകൾ... എത്ര എത്ര നിറം മങ്ങാത്ത ഓർമ്മകൾ ...
1992ൽ കാസർകോട് നടന്ന കലോത്സവത്തിൽ വീണാ ജോർജിന് (അന്ന് വീണാ കുര്യാക്കോസ്) രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു അടുത്ത വർഷത്തെ ഒന്നാം സ്ഥാനം. കൗരവസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ദ്രൗപദിയുടെ ദീനരൗദ്ര ഭാവങ്ങൾ ആവിഷ്കരിച്ചാണ് വീണ വിജയിയായത്. പത്തനംതിട്ട മൈലപ്ര എംബിഇഎം എച്ച് എസിലെ വിദ്യാർത്ഥിയായിരുന്നു വീണ. സഹോദരങ്ങളായ വിദ്യാ കുര്യാക്കോസും വിജയ് കുര്യാക്കോസും മോണോ ആക്ടിൽ മികവ് തെളിയിച്ചിട്ടുള്ളവരാണ്. മൂവരെയും കുറിച്ച് പത്രത്തിൽ വന്ന കുറിപ്പും മന്ത്രി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.
Read Also: 'അതിരാണിപ്പാടം' മുതൽ 'മാവേലിമന്റം' വരെ, കലോത്സവ വേദികളിൽ പേരുകളായി പുനർജനിക്കുന്ന ദേശങ്ങൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam