പ്രധാന വേദിയായ വെസ്റ്റ് ഹില്ലിലുള്ള ക്യാപ്റ്റൻ വിക്രം മൈതാനത്തിന് പേര് അതിരാണിപ്പാടം. അതേ, ഒരു ദേശത്തിന്റെ കഥയിലെ അതേ അതിരാണിപ്പാടം തന്നെ. അല്ലെങ്കിലും കോഴിക്കോട് എങ്ങനെ എസ് കെ പൊറ്റക്കാടിന്റെ മാസ്റ്റർപീസിലെ ഒരു ദേശത്തെ അവഗണിക്കും?

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന്, മൂന്നാം തീയതി വേദികളുണർന്നു. ആകെ 24 സ്റ്റേജുകൾ. രാവിലെ പത്തിന് ഉദ്ഘാടനത്തിന് പിന്നാലെ ഒന്നാം വേദിയിൽ അരങ്ങേറിയത് കേരളത്തിന്റെ തനത് ന‍ൃത്തമായ മോഹിനിയാട്ടം. പിന്നാലെ വിവിധ വേദികളിലായി മോണോ ആക്ട്, സംസ്കൃതം നാടകം, ചാക്യാർകൂത്ത്, അറബി സാഹിത്യോത്സവത്തിലെ വിവിധ ഇനങ്ങൾ, മിമിക്രി, കഥകളി തുടങ്ങി അനേകം ഇനങ്ങൾ. കോഴിക്കോട് കലോത്സവച്ചൂടിലേക്ക് ഉണർന്ന് തുടങ്ങി.

എഴുത്തുകാർക്ക് പെറ്റമ്മയും പോറ്റമ്മയും ആയ ഭൂമികയാണ് കോഴിക്കോട്. അതിനാൽ തന്നെ 24 വേദികൾക്കും നൽകിയിരിക്കുന്നത് സാഹിത്യലോകത്തിന് ഒരുകാലത്തും മറക്കാനാവാത്ത ചില പേരുകളാണ്. അനേകം ചർച്ചകൾക്കൊടുവിൽ കൈക്കൊണ്ട തീരുമാനം. കലോത്സവ വേദികൾക്ക് മലയാളത്തിലെ പ്രശസ്ത കൃതികളിലുള്ള ദേശനാമങ്ങൾ മതി.

അതോടെ, ഏഴ് ദിവസങ്ങൾ ഈ ദേശനാമങ്ങൾ കോഴിക്കോടിനും വിവിധ ജില്ലകളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾക്കും കലാസ്വാദകർക്കും ഒന്നുകൂടി ചിരപരിചിതമാവും. പ്രധാന വേദിയായ വെസ്റ്റ് ഹില്ലിലുള്ള ക്യാപ്റ്റൻ വിക്രം മൈതാനത്തിന് പേര് അതിരാണിപ്പാടം. അതേ, ഒരു ദേശത്തിന്റെ കഥയിലെ അതേ അതിരാണിപ്പാടം തന്നെ. അല്ലെങ്കിലും കോഴിക്കോട് എങ്ങനെ എസ് കെ പൊറ്റക്കാടിന്റെ മാസ്റ്റർപീസിലെ ഒരു ദേശത്തെ അവഗണിക്കും?

'അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ. പഴയ കൗതുക വസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്‍' എന്നും പറഞ്ഞ് ശ്രീധരൻ തിരികെച്ചെല്ലുന്ന അതേ അതിരാണിപ്പാടം. 

ഒവി വിജയന്റെ തസ്രാക്കാണ് നാലാം വേദി. നടക്കാവ് പ്രൊവിഡൻസ് സ്കൂൾ തസ്രാക്കെന്ന വേദിയായി മാറുമ്പോൾ വിവിധ ദിവസങ്ങളിലായി കുച്ചുപ്പുടി, വട്ടപ്പാട്ട്, ഭരതനാട്യം തുടങ്ങി വിവിധ ഇനങ്ങളാണ് അരങ്ങേറുക. തസ്രാക്കിനെ ഓർക്കാത്ത ഏത് മലയാളിയുണ്ടാവും? തസ്രാക്ക് എന്നൊരു ഭൂമിയെ സങ്കൽപ്പമെന്ന് തോന്നിക്കും വിധം യാഥാർത്ഥ്യമായും യാഥാർത്ഥ്യമെന്ന് തോന്നിക്കും വിധം സാങ്കൽപ്പികമായും വരച്ചിട്ട പ്രിയപ്പെട്ട എഴുത്തുകാരൻ ഒ.വി വിജയനെ ഓർക്കുന്നു കോഴിക്കോട്, വേദി നാലിലൂടെ.

മലയാളത്തിന്റെ കരുത്തുറ്റ എഴുത്തുകാരിയാണ് മാധവിക്കുട്ടി. എഴുത്തിലൊരാളെയും പേടിക്കാതിരുന്ന ഏകാധിപതി. പക്ഷേ, അവർ ചുവ‌ടുകൾ വച്ചത് പുന്നയൂർകുളത്താണ്. പുന്നയൂർകുളമെന്ന് പേര് നൽകിയിരിക്കുന്നത് വേദി നമ്പർ പന്ത്രണ്ടിന്.

കോഴിക്കോടിന് എഴുത്തിന്റെ ഒരു സുൽത്താനേ ഉള്ളൂ. അത് ബേപ്പൂർ സുൽത്താനാണ്. സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ. ബീച്ചിലെ ഗുജറാത്തി ഹാളിലുള്ള വേദിക്ക് പേര് ബേപ്പൂർ. കടൽക്കാറ്റേറ്റ് കിടക്കുന്ന ആ വേദിക്ക് കൊടുക്കാൻ ഇതിലും നല്ല പേരേതാണ് അല്ലേ?

എംടിയുടെ കൂടല്ലൂരും യു എ ഖാദറിന്റെ തൃക്കോട്ടൂരും എൻ എസ് മാധവന്റെ ലന്തൻബത്തേരിയും എല്ലാം വേദികൾക്ക് പേരാണ്. കൂടാതെ ഉജ്ജയിനി, ഭൂമി, നാരകംപൂരം, പാണ്ഡവപുരം, തൃക്കോട്ടൂർ, തിക്കോടി, പാലേരി, മൂപ്പിലശ്ശേരി, തിരുനെല്ലി, മയ്യഴി, തക്ഷൻകുന്ന്, അവിടനല്ലൂർ, ഊരാളിക്കുടി, കക്കട്ടിൽ, ശ്രാവസ്തി, ഖജുരാഹോ, തച്ചനക്കര, മാവിലേമന്റം എന്നീ പേരുകളും വേദികൾക്കുണ്ട്.

വേദികളുടെ പേരറിയുമോ എന്ന് ചോദിക്കുമ്പോൾ പലരുടെയും ഉത്തരം കേട്ടിട്ടുണ്ട് എന്ന് തന്നെയാണ്. എന്നാൽ, ചിരിച്ചുകൊണ്ട് കൈമലർത്തി. എങ്കിലും, പുന്നയൂർക്കുളവും ബേപ്പൂരും, തസ്രാക്കുമൊക്കെ ചിലർക്കെങ്കിലും പ്രിയപ്പെട്ട ഇ‌ടം തന്നെ.