'ലക്ഷദ്വീപ് ചരക്ക് നീക്കം മംഗലാപുരത്തേയ്ക്ക് മാറ്റിയത് പുനപരിശോധിക്കണം, ചർച്ചക്ക് സർക്കാർ തയ്യാർ': മന്ത്രി

By Web TeamFirst Published Jun 15, 2021, 3:48 PM IST
Highlights

ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൂട്ടിച്ചേർത്തു. 

കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം മംഗലാപുരത്തേയ്ക്ക് മാറ്റാനുള്ള തീരുമാനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുനപരിശോധിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ് ,സജി ചെറിയാൻ, അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ ബേപ്പൂർ തുറമുഖം സന്ദർശിച്ചു. ബേപ്പൂർ തുറമുഖത്തിന്റെ സമഗ്രവികസനമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രിമാർ പറഞ്ഞു. സർക്കാറിന്റെ പ്രഥമ പരിഗണനയിലാണ് ബേപ്പൂർ. കേന്ദ്രസർക്കാറിന്റെ നിഷേധാത്മക നിലപാട് പ്രതിഷേധം ഉണ്ടാക്കുന്നതായും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

ബേപ്പൂർ പോർട്ടിന്റെയും ഹാർബറിന്റെയും വികസനം ലക്ഷ്യമാക്കിയാണ് മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ ബേപ്പൂർ തുറമുഖം സന്ദർശിച്ചത്. കേരള തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കു കപ്പൽ സർവീസിനായി കൂടുതൽ വിദേശ കമ്പനികളെ ഉൾപ്പെടുത്തി സമഗ്രമാറ്റമാണ് സർക്കാർ ബേപ്പൂരിൽ നടപ്പിലാക്കുകയെന്നും മന്ത്രിമാർ വ്യക്തമാക്കി. 

click me!