കുതിരാൻ തുരങ്കം എത്രയും പെട്ടെന്ന് തുറക്കാൻ സർക്കാർ ശ്രമം; മന്ത്രിമാരുടെ സംഘം കുതിരാൻ സന്ദർശിച്ചു

By Web TeamFirst Published Jun 6, 2021, 11:58 AM IST
Highlights

ഈ മഴക്കാലത്തു തന്നെ തുരങ്കങ്ങളിൽ ഒന്ന് തുറന്നു കൊടുക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുമുണ്ട്. തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി ബോധ്യപ്പെടാനാണ് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തിയത്.

തൃശ്ശൂർ: തൃശ്ശൂർ കുതിരാൻ തുരങ്കം സന്ദർശിച്ച് മന്ത്രിമാരുടെ സംഘം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, റവന്യു മന്ത്രി കെ രാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവരാണ് തുരങ്കം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയത്. എത്രയും വേഗം തുരങ്കം തുറക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. 

ഏഴ് വര്‍ഷമായി കുതിരാൻ തുരങ്കത്തിൻ്റെ നിര്‍മ്മാണം തുടങ്ങിയിട്ട്. ഉടൻ തുറക്കുമെന്ന് നിർമ്മാണ കമ്പനി പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇനിയും യാഥാർഥ്യമായിട്ടില്ല. ഒല്ലൂർ എംഎൽഎ കൂടിയായ മന്ത്രി കെ രാജൻ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പണി വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, ലോക്ഡൗൺ കൂടി വന്നപ്പോൾ പണി ഇഴഞ്ഞു. 

ഈ മഴക്കാലത്തു തന്നെ തുരങ്കങ്ങളിൽ ഒന്ന് തുറന്നു കൊടുക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുമുണ്ട്. തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി ബോധ്യപ്പെടാനാണ് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തിയത്.

മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയുടെ നിർമ്മാണം 16വർഷമായിട്ടും പൂർത്തിയായിട്ടില്ല. തൃശൂർ, പാലക്കാട് റോഡില്‍ ഇതുമൂലം യാത്രാക്ലേശം രൂക്ഷമാണ്. പ്രത്യേകിച്ച്, മഴക്കാലത്ത് കുതിരാനിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!