
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വികസനം തടസപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്നും സിപിഎമ്മിന് ബിജെപിയുമായോ യുഡിഎഫുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ഇഡിയെ വെച്ച് കളിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനാണ് ഇഡിയുടെ നീക്കം. കേരളത്തിലെ സിപിഎം നേതാക്കളെ കുടുക്കാൻ ഇഡി കുറെ നാളായി പരിശ്രമം നടത്തുകയാണ്. അതെല്ലാം പൊളിഞ്ഞു പാളിസായ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് നോട്ടീസുമായി ഇറങ്ങിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ മനപ്പൂര്‍വം കൊണ്ടുവരുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് ബോർഡിന്‍റെ (KIIFB)ധനസമാഹരണത്തിനായി നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടികാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചട്ട ലംഘനവുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് മൂന്നുമാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിക്ക് നൽകിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായ നടപടിയുടെ ഭാഗമായാണ് ഇഡി അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ അഭിഭാഷകൻ വഴിയോ നോട്ടീസിന് മറുപടി നൽകാം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നതെന്നും അതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ലോകസ്ഭ തെരഞ്ഞെടുപ്പ് കാലത്തും വന്നിരുന്നുവെന്നും മുൻ മന്ത്രി ഡോ. തോമസ് ഐസക് പ്രതികരിച്ചു. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പായപ്പോള്‍ വീണ്ടും മസാല ബോണ്ട് വിഷയം ഇഡി കുത്തിപ്പൊക്കിയിരിക്കുകയാണെന്നും ബിജെപിക്ക് വേണ്ടി ഇഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും ഐസക് വിമര്‍ശിച്ചു.
പ്രതികരണവുമായി രമേശ് ചെന്നിത്തലയും സണ്ണി ജോസഫും
മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ് അയച്ചത് വലിയ കാര്യമായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുൻപും നോട്ടീസുകൾ വന്നതാണ്.
പക്ഷേ അതെല്ലാം ആവിയായി പോയി. നരേന്ദ്രമോദിയും - പിണറായി വിജയനും തമ്മിൽ ഭായി ഭായി ബന്ധമാണുള്ളത്. സത്യസന്ധമായ അന്വേഷണമെങ്കിൽ സ്വാഗതം ചെയ്യും. എന്നാൽ, മസാല ബോണ്ട് ഇടപാട് ഗൗരവമുള്ളതാണ്. വലിയ കൊള്ളയുടെ കഥയാണ് പിന്നിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസ് തമാശയാണെന്നും മുഖ്യമന്ത്രിയുടെ മകനയച്ച നോട്ടീസ് പറന്നു നടക്കുകയാണെന്നും സ്വര്‍ണ കടത്ത് കേസിലും നോട്ടീസ് അയച്ചിരുന്നുവെന്നും ഇതെല്ലാം എവിടെ എത്തിയെന്ന് ഇഡി പറയട്ടെയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ സഹായിക്കാനുള്ള കേന്ദ്ര -കേരള സഹകരണമാണിത്. കള്ളൻമാർക്ക് കഞ്ഞിവെക്കുകയാണ്. ജയിലിൽ കിടക്കുന്ന പത്മകുമാറിന് വീര പര്യവേഷം ചാർത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam