'സ്വര്‍ണ്ണക്കടത്ത് കേസില്‍ സഹകരണം അറിയിച്ച് യുഎഇ'; അന്വേഷണം തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം

By Web TeamFirst Published Jul 9, 2020, 6:13 PM IST
Highlights

സ്വര്‍ണ്ണക്കടത്ത് കേസിൽ യുഎഇയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ അവിടുത്തെ അന്വേഷണ ഏജൻസികളുമായി സംസാരിച്ചേക്കും. 

ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ എല്ലാ സഹകരണവും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം. യുഎഇയുടെ സഹായം തേടിയെന്നും അന്വേഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസിൽ യുഎഇയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ അവിടുത്തെ അന്വേഷണ ഏജൻസികളുമായി സംസാരിച്ചേക്കും. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തൽ നടത്തി. 

കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും നിരന്തരം വീക്ഷിക്കുകയാണ്. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങൾ തേടിയിട്ടുണ്ട്. ആവശ്യമായ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രിയും കത്ത് നൽകിയ സാഹചര്യത്തിൽ സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തൽ കേന്ദ്രത്തെ അറിയിച്ചു. കസ്റ്റംസിന്‍റെ അന്വേഷണത്തിൽ വ്യക്തമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടര്‍ നടപടികൾ സ്വീകരിക്കാം എന്നാണ് സിബിഐ നിലപാട്. 

കേസിൽ കേന്ദ്ര സര്‍ക്കാര്‍ , ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ടുവെന്ന് വ്യക്തമായാൽ സിബിഐക്ക് നേരിട്ട് വിഷയത്തിൽ ഇടപെടാനാകും. എൻഐഎ അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്. സ്വര്‍ണ്ണം വരുന്നത് തീവ്രവാദ സംഘടനകൾക്കാണോ എന്നാണ് പരിശോധന. യുഎഇയിൽ നിന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലവിൽ കരാറുണ്ട്. 

ഇതിന്‍റെ അടിസ്ഥാനത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ അവിടുത്തെ ഉന്നത അധികൃതരുമായി സംസാരിക്കുമെന്നാണ് സൂചന. സിപിഎം അവലൈബിൾ പിബി സാഹചര്യം വിലയിരുത്തി. തൽക്കാലം പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയുടെ കാര്യമില്ല. അന്വേഷണത്തിൽ എന്ത് പുറത്തുവരുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ ഈമാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കും. 
 

click me!