
തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അധിക വകയിരുത്തലായാണ് കൂടുതൽ തുക അനുവദിച്ചത്. നേരത്തെ 30 കോടി രുപ നൽകിയിരുന്നു. പദ്ധതി ഗുണഭോക്താക്കൾക്ക് നൽകിയ സൗജന്യ ചികിത്സയ്‌ക്ക് സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവയ്‌ക്ക് ചികിത്സാ ചെലവ് മടക്കിനൽകാൻ തുക വിനിയോഗിക്കും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) യില്‍ ഉള്‍പ്പെടാത്തതും, വാര്‍ഷിക വരുമാനം മുന്നുലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങളാണ് കെബിഎഫ് ഗുണഭോക്താക്കള്‍. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപവരെ ചികിത്സാ ധനസഹായം ലഭിക്കും. വൃക്ക മാറ്റിവയ്‌ക്കലിന് വിധേയരാകുന്നവർക്ക് മൂന്നുലക്ഷം രൂപയും നൽകും. നിലവില്‍ അറുനൂറിലേറെ ആശുപത്രികളിലാണ് കാസ്‌പ്, കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സ സൗകര്യമുള്ളത്.
അതേസമയം, കോടികള്‍ കുടിശ്ശികയായതോടെ സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നുവെന്ന വാര്‍ത്തകൾ പുറത്തുവന്നിരുന്നു. 400 കോടി രൂപയിലധികമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത്. നൂറ്റിയന്‍പതോളം സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയിരുന്നു.
സംസ്ഥാനത്ത് നാനൂറോളം സ്വകാര്യ ആശുപത്രികളാണ് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിച്ചിരുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ച് ദിവസത്തിനകം സര്‍ക്കാര്‍ പണം കൈമാറണമെന്നതാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശയും നല്‍കണം. എന്നാല്‍ മാസങ്ങളായി പണം കുടിശ്ശികയാണ്. മലപ്പുറം ജില്ലയില്‍ മാത്രം നൂറു കോടി രൂപയോളം സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടാനുണ്ട്. ഇടത്തരം ആശുപത്രികളില്‍ ഭൂരിഭാഗവും ഇതിനകം തന്നെ പദ്ധതിയില്‍ നിന്നും പിന്‍മാറി. കുടിശ്ശിക കൊടുത്തു തീര്‍ത്തില്ലെങ്കില്‍ മറ്റു ആശുപത്രികളും പദ്ധതിയില്‍ നിന്നും ഒഴിവാകും. നിര്‍ധനരായ രോഗികളെയും ഇത് പ്രതികൂലമായി ബാധിക്കും.
80 ലക്ഷം നിങ്ങൾക്കാകുമോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam