
തിരുവനന്തപുരം: 16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതി തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിന് അമ്പത് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. പിഴ ഒടുക്കാത്ത പക്ഷം മൂന്ന് വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2018 ഡിസംബർ 31 നായിരുന്നു കേസിനാസ്‌പദമായ ആദ്യ പീഡനം നടന്നത്. ന്യൂ ഇയർ ആഘോഷിക്കാൻ പ്രതിയും അതിജീവിതയും കൂട്ടുകാരുമായി കോവളത്ത് പോയിരുന്നു. തിരികെ വരുന്ന വഴി പ്രതി ഇവരെ ബന്ധുവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. ടോയിലറ്റില്‍ പോകണം എന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ പ്രതി കൂട്ട് പോകുകയും അവിടെ വച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി ബഹളം വച്ചപ്പോൾ തുണി വച്ച് വാ പൊത്തിപിടിക്കുകയും ചെയ്തു. മറ്റു സുഹൃത്തുക്കൾ അറിഞ്ഞു നാണക്കേട് ആകുമോ എന്ന് പേടിച്ചു കുട്ടി പുറത്ത് പറഞ്ഞില്ല. 2019 ജനുവരിയിൽ ആദ്യ സംഭവം പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിനുള്ളിൽ കയറി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ കുട്ടിയും സഹോദരിയുമായി ഉത്സവം കാണാൻ പോയി തിരികെ വരാൻ താമസിച്ചു. കുട്ടികൾ എത്താത്തതിനാല്‍ അച്ഛൻ പൂന്തുറ പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുക്കുകയും കുട്ടികൾ തിരികെ എത്തിയപ്പോൾ അവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മെഡിക്കൽ പരിശോധനയിൻ കുട്ടികളുടെ സ്വകാര്യഭാഗത്തു നിന്നും സാമ്പിൾ എടുക്കുകയും അത് കെമിക്കൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. പത്തുമാസം കഴിഞ്ഞ് വന്ന കെമിക്കൽ റിസൾട്ടിൽ പീഡനം നടന്നതായി സൂചന ലഭിച്ചു. തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി എടുക്കുകയും പീഡനം സംബന്ധിച്ച വിവരങ്ങൾ പുറത്ത് അറിയുകയും ആയിരുന്നു . പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ആണ് സംഭവം പുറത്ത് പറയാത്തത് എന്ന് കുട്ടി മൊഴിയിൽ പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മറ്റൊരു കേസെടുത്തു. ഈ സമയം മറ്റൊരു മോഷണ കേസിൽ ജയിലില്‍ ആയിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഡിഎൻഎ പരിശോധനയ്ക്കായി ബ്ലഡ് സാമ്പിൾ ശേഖരിക്കുകയും ചെയ്തു. പ്രതിയുടെ ബ്ലഡും കുട്ടിയുടെ സാമ്പിളും ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ഷൈനു ആണ് പ്രതിയെന്ന് പരിശോധനയിലും ശാസ്ത്രീയമായി തെളിഞ്ഞു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam