ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദം; സംസ്ഥാന സര്‍ക്കാരിനെതിരെ സിറോമലബാര്‍ സഭ

By Web TeamFirst Published Oct 27, 2021, 6:53 PM IST
Highlights

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാൻ സര്‍ക്കാര്‍ തയാറാകണം.  സര്‍വകക്ഷിയോഗത്തിന്‍റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്.  ഇതിനുപിന്നില്‍ ചില സമ്മർദ്ദമുണ്ടായെന്ന് ന്യായമായും അനുമാനിക്കണമെന്നും സീറോമലബാര്‍ സഭ .

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപിലെ 80: 20  അനുപാതം  (Minority scholarship) റദ്ദാക്കിയ  ഹൈക്കോടതി (HIgh Court) ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ (Supreme court) സമീപിച്ചത് പ്രതിക്ഷേധാര്‍ഹമാണെന്ന് സിറോമലബാര്‍ സഭ (syro malabar sabha).  സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാൻ സര്‍ക്കാര്‍ തയാറാകണം.  സര്‍വകക്ഷിയോഗത്തിന്‍റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്.  ഇതിനുപിന്നില്‍ ചില സമ്മർദ്ദമുണ്ടായെന്ന് ന്യായമായും അനുമാനിക്കണമെന്നും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മിറ്റി വാർത്താകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

ജനസംഖ്യ ആനുപാതികമായി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്കോളര്‍ഷിപ്പ് നൽകിയാൽ അനര്‍ഹര്‍ക്കാകും അത് കിട്ടുക എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ മുസ്ളീം ട്രസ്റ്റും നേരത്തെ  കോടതിയെ സമീപിച്ചിരുന്നു.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പിൽ മുസ്ളീം വിദ്യാര്‍ത്ഥികൾക്ക് 80 ശതമാനവും ക്രിസ്ത്യൻ വിദ്യാര്‍ത്ഥികൾക്ക് 20 ശതമാനവും എന്ന മാനദണ്ഡം ഭരണഘടന വിരുദ്ധമെന്നായിരുന്നു കേരള ഹൈക്കോടതി വിധി. സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വേണമെന്നും ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി വിധി നിലവിലുള്ള വസ്തുതകളും രേഖകളും പരിശോധിക്കാതെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. രജീന്ദ്ര സച്ചാര്‍ സമിതി ശുപാര്‍ശകളുടെയും പാലോളി സമിതി ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് മുസ്ളീം വിദ്യാര്‍ത്ഥികൾക്ക് വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിച്ച് 80 ശതമാനം സ്കോളര്‍ഷിപ്പ് നൽകുന്നത്. ക്രിസ്ത്യൻ സമുദായത്തിന്‍റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ സംബന്ധിച്ച രേഖകളില്ല. ജസ്റ്റിസ് കെബി കോശിയെ അക്കാര്യം പരിശോധിക്കാനായി നിയോഗിച്ചിട്ടുണ്ട്. ജസ്റ്റിസ് കോശി സമിതി റിപ്പോര്‍ട്ട് കിട്ടിയ ശേഷം പോരായ്മകൾ പരിഹരിക്കും. അതുവരെ നിലവിലെ രീതി തുടരുന്നതാണ് ഉചിതം. അതല്ലെങ്കിൽ അനര്‍ഹര്‍ക്കാകും സ്കോളര്‍ഷിപ്പ് കിട്ടുക. യോഗ്യരായവര്‍ പുറത്താവുകയും ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. എണ്‍പത്-ഇരുപത് അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ മുസ്ളീം ട്രസ്റ്റ് കോടതിയെ സമീപിച്ചിരുന്നു. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സിൽ ഓഫ് ചര്‍ച്ചസിന്‍റെ തടസ്സ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്. 

click me!