Anupama Missing baby case| ദത്ത് വിവാദം; അനുപമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാൻ വനിതാ കമ്മീഷൻ നിർദേശം

By Web TeamFirst Published Nov 5, 2021, 8:30 PM IST
Highlights

കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും ശിശുക്ഷേമ സമിതിയോടും വനിതാ ശിശു വികസന വകുപ്പിനോടും കമ്മീഷൻ വീണ്ടും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: അമ്മ അറിയാത കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ പരാതിക്കാരിയായ അനുപമയുടെ വിദ്യാഭ്യാസ, തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ വനിതാ കമ്മീഷൻ എതിര്‍കക്ഷികള്‍ക്ക് നിർദ്ദേശം നല്‍കി. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി രേഖകൾ കമ്മീഷൻ ആസ്ഥാനത്ത് ഹാജരാക്കണമെന്നാണ് എതിർകക്ഷിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രന് നൽകിയ നിർദ്ദേശം.

അതേസമയം, കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും ശിശുക്ഷേമ സമിതിയോടും വനിതാ ശിശു വികസന വകുപ്പിനോടും കമ്മീഷൻ വീണ്ടും ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ഇന്ന് റിപ്പോർട്ട് ഹാജാരാക്കത്തത് കണക്കിലെടുത്താണ് വീണ്ടും റിപ്പോർട്ട് തേടിയത്. കേസിൽ അനുപമയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ പരിഗണനയിലുള്ള വിഷയമായതിനാൽ ഹാജരാകാനാകില്ലെന്ന് എതി‍ർകക്ഷികൾ രേഖാമൂലം വനിതാ കമ്മീഷനെ അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി  എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു.

ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയും തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്.

click me!