'ഇപ്പോഴില്ലെങ്കിൽ ഇനിയില്ല'; കേരളം പിടിക്കാൻ ഒറ്റയ്ക്ക് 60 സീറ്റ് ലക്ഷ്യമിട്ട് കോൺഗ്രസ്

By Web TeamFirst Published Jan 7, 2021, 7:58 AM IST
Highlights

'ഇപ്പോഴില്ലെങ്കിൽ ഇനിയില്ല' - കേരളത്തിലെ സാഹചര്യം അത്യന്തം നിർണ്ണായകമാണെന്ന് ദില്ലിയും തിരിച്ചറിഞ്ഞു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ 'മിഷൻ 60' മായി കോൺഗ്രസ്. പാർട്ടിക്ക് മാത്രമായി 60 സീറ്റ് എന്നാണ് എഐസിസി പ്രതിനിധികളും കേരള നേതാക്കളുമായുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞ ലക്ഷ്യം. അശോക് ഗെലോട്ടും ജി പരമേശ്വരയുമടക്കമുള്ള മുതിർന്ന നേതാക്കളെ കൂടി സംസ്ഥാനത്തേക്ക് നിയോഗിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം ഹൈക്കമാൻഡ് പിടിമുറുക്കുമെന്നുറപ്പാണ്.

'ഇപ്പോഴില്ലെങ്കിൽ ഇനിയില്ല' - കേരളത്തിലെ സാഹചര്യം അത്യന്തം നിർണ്ണായകമാണെന്ന് ദില്ലിയും തിരിച്ചറിഞ്ഞു. ഹൈക്കമാൻഡ് ഇടപെടൽ കൂടി കണക്കിലെടുത്താണ് ഭരണം പിടിക്കാനായുള്ള കർമ്മപദ്ധതി തയ്യാറാക്കിയത്. കോൺഗ്രസ്സിന്റെ മാത്രം ലക്ഷ്യം മിഷൻ 60 ആണ്. പാർട്ടി മത്സരിക്കുന്ന സീറ്റുകളിൽ ജയിക്കാൻ ഉറപ്പുള്ള സീറ്റുകൾ, 50:50 സാധ്യതയുള്ള സീറ്റുകൾ, തീരെ സാധ്യത കുറഞ്ഞ സീറ്റുകൾ എന്നിങ്ങനെ വേർതിരിക്കും. പകുതി സാധ്യത ജയത്തിലേക്കെത്തിക്കാനും തീരെ സാധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണമുണ്ടാക്കും. 

പാർട്ടിക്ക് മാത്രം 60 കിട്ടിയാൽ പിന്നെ ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ സീറ്റും കൂട്ടിയാൽ ഭരണമെന്നാണ് പ്രതീക്ഷ. എഐസിസി സെക്രട്ടറിമാരായ വിശ്വനാഥനും പിവി മോഹനും ഐവാൻ ഡിസൂസയും സംസ്ഥാനത്ത് തുടർന്ന് മണ്ഡലതലത്തിൽ ചർച്ച തുടരും. ബൂത്ത് തലം മുതലുള്ള മാറ്റം മുതൽ സ്ഥാനാർത്ഥി ആരാകണമെന്ന അഭിപ്രായവും എഐസിസി പ്രതിനിധികൾ തേടും.

മൂന്ന് സ്ഥിരം എഐസിസി സെക്രട്ടറിമാർക്കും സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനും പുറമെ അശോക് ഗെഹ്ലോട്ട് അടക്കം മൂന്ന് പുതിയ നേതാക്കളെ കൂടി നിയോഗിച്ചതും ദില്ലി പിടിമുറുക്കുന്നതിന്റെ സൂചനയാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ് ഇനി അങ്ങിനെ നടക്കില്ല. കേരളത്തിലെ മുതിർന്ന നേതാക്കളെ കൂടി കണക്കിലെടുത്താണ് മുതിർന്ന അംഗം കൂടിയായ ഗെഹ്ലോട്ടിനെ കൊണ്ടുവരുന്നത്. ഗ്രൂപ്പാണ് പ്രശ്നമെന്ന വ്യാപകപരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ.

click me!