
കോഴിക്കോട്: ഹരിത വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീർ. ഹരിത വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം ഒറ്റക്കെട്ടായാണ് പാർട്ടി തീരുമാനമെടുത്തത്. അതിൽ കൂടുതലായൊന്നും പറയാനില്ല. എല്ലാ ഫോറത്തിലും ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. താൻ ഉൾപ്പെടെയുള്ളവരടങ്ങിയ സമിതിയാണ് തീരുമാനിച്ചത്. അതിലിനി തനിക്കൊന്നും പറയാനില്ല അന്തിമതീരുമാനമാണത്. എന്നാൽ മുസ്ലീം ലീഗ് പ്രവർത്തക സമിതിയിൽ ഇനിയും ചർച്ചയുണ്ടാകും. പാർട്ടിയിൽ സ്ത്രീപുരുഷഭേദമില്ല, എല്ലാവരേയും ഒന്നായി കാണുന്നതാണ് പാർട്ടിയുടെ രീതി. ഹരിതക്കെതിരായ നടപടി പൊതുസമൂഹം പല തരത്തിൽ ചര്‍ച്ച ചെയ്തേക്കാമെന്നും മുനീർ പറഞ്ഞു.
അതേസമയം സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഹരിത. തെറ്റിനെതിരെ വിരൽ ചൂണ്ടിയില്ലെങ്കിൽ കുറ്റബോധം ഉണ്ടാകുമെന്ന് പ്രസിഡന്റ് മുഫീദ തെസ്നി പറഞ്ഞു. പുരുഷൻ മുതലാളി, സ്ത്രീ തൊഴിലാളിയെന്ന രീതി അനുവദിക്കില്ല. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ തെസ്നി പ്രഖ്യാപിച്ചു. അതേസമയം പിരിച്ചു വിട്ടതിനെതിരെ നിയമ നടപടി എന്ന തീരുമാനത്തിൽ നിന്ന് ഹരിത പിൻമാറുന്നുവെന്നാണ് സൂചന. എന്നാൽ വനിത കമ്മീഷന് മുൻപാകെയുള്ള പരാതിയിൽ ഉറച്ച് നിൽക്കും. ഹരിതയുടെ പുതിയ ഭാരവാഹികളെ മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കും. അയിഷാ ബാനു പുതിയ പ്രസിഡണ്ടാകും. തൊഹാനി ജനറൽ സെക്രട്ടറിയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam